
കോട്ടയം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വീടിന് മുന്നിൽ രണ്ട് പേർ എത്തി വധഭീഷണി മുഴക്കിയെന്നതടക്കം നടി റിനി ആൻ ജോർജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. സർക്കാരിനോ പോലീസിനോ പരാതി നൽകാതെ റിനി ആൻ ജോർജ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യമായി ഗുരുതര ആരോപണം ഉന്നയിക്കുകയും പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു.
എന്നാൽ പ്രസ്തുത ആരോപണങ്ങൾ അന്വേഷിച്ച് നടപടി എടുക്കുവാൻ ക്രിമിനൽ കേസ് നിയമപരമായി രജിസ്റ്റർ ചെയ്യുവാൻ സഹായിക്കുന്ന മൊഴികളോ തെളിവുകളോ പരാതിയോ നൽകിയിട്ടില്ല. പ്രസ്തുത സാഹചര്യത്തിൽ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിൽ പരാതിയോ മൊഴിയോ നൽകാതെ ആരോപണം ഉന്നയിച്ച് അതിന് വ്യാപക പ്രചാരണം നൽകുന്ന റിനി ആൻ ജോർജിന്റെ നടപടി വ്യക്തിഹത്യയുടെ ഭാഗമായിട്ട് മാത്രമേ നിയമപരമായി കാണുവാൻ കഴിയൂ.
പ്രചാരണ വിഷയങ്ങളാക്കുന്ന ആരോപണങ്ങൾ നിയമപരമല്ലെങ്കിൽ കുറ്റകരവും വിശ്വസനീയവുമല്ല.
വധഭീഷണി വിഷയം റിനി പബ്ലിസിറ്റിക്കു വേണ്ടി ഉയർത്തിയതാണോ എന്ന് സംശയമുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വധഭീഷണി ഉണ്ടെന്നതടക്കം റിനിയുടെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിച്ച് തുടർ നടപടി വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി ആദ്യം ആരോപണവുമായി മുന്നോട്ട് വന്നത് റിനി ആൻ ജോർജ് ആയിരുന്നു. എന്നാൽ പോലീസിൽ പരാതി നൽകുവാൻ ഇതുവരെ നടി തയ്യാറായിട്ടില്ല. പ്രചാരണ വിഷയങ്ങളാക്കുന്ന ആരോപണങ്ങൾ നിയമപരമല്ലെങ്കിൽ കുറ്റകരമെന്ന അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ നടിയ്ക്ക് എതിരെയുള്ള നിലപാട് പുതിയ നിയമ ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.



