
ന്യൂഡൽഹി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ വ്യവസായി അനീഷ് ബാബുവിന് സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് അനീഷ് ബാബുവിന് എതിരായ കേസ്.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇരുപത്തഞ്ച് കോടിയോളം രൂപയാണ് അനീഷ് ബാബു തട്ടിയെടുത്തതെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച പരാതി.
അതേസമയം, കേസ് ഒതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ രണ്ടരക്കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് അനീഷ് ബാബുവിന്റെ പരാതി. വിജിലൻസ് ലഭിച്ച പരാതിയിൽ ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ അനീഷ് ബാബു സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


