Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ സമാന ആരോപണങ്ങള്‍ നേരിടുന്ന സിറ്റിങ് എം.എല്‍.എമാരുടെ എണ്ണം നാലായി.
സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും എം.എല്‍.എമാരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

video
play-sharp-fill

സി.പി.എമ്മിലെ എം.മുകേഷ്, കോണ്‍ഗ്രസിലെ എം.വിൻസെൻ്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവർ ക്കെതിരേയാണ് കേസുകള്‍ നിലവിലുള്ളത്. മുകേഷിനെതിരേ രണ്ട് പീഡനകേസുകളില്‍ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഈ വർഷം കുറ്റപത്രം നല്‍കിയത്. ചലച്ചിത്രമേഖലയിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ആരോപണം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലിസ് കുറ്റപത്രം സമർപ്പിച്ചത്.

എം.വിൻസെന്റിനും എല്‍ദോസ് കുന്നപ്പള്ളിയ്ക്കും എതിരേയുള്ള കേസുകളില്‍ വിചാരണ നേരിടുകയാണ്. വിൻസെന്റിനെതിരേ അയല്‍വാസിയായ 51കാരി നല്‍കിയ ബലാല്‍സംഗ കേസില്‍ 2017ല്‍ തന്നെ നെയ്യാറ്റിൻകര കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. അറസ്റ്റിലായ ശേഷം അദ്ദേഹം ജാമ്യത്തിലിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂർ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരേയും ബലാല്‍സംഗ കേസില്‍ കുറ്റപത്രം നിലവിലുണ്ട്. 2022ല്‍ പല തവണ പീഡിപ്പിച്ചെന്നും വധിക്കാൻ ശ്രമിച്ചെന്നും കാട്ടി തിരുവനന്തപുരം സ്വദേശിയായ അധ്യാപിക നല്‍കിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ആദ്യം രാജിവയ്ക്കുന്നത് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയാണ്.

അപകടത്തില്‍പ്പെട്ട ചാക്കോയുടെ കാറില്‍ ഒരു വനിതയുണ്ടായിരുന്നെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. സ്ത്രീകളുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് നീല ലോഹിതദാസൻ നാടാർ, കെ.ബി ഗണേഷ് കുമാർ, പി.ജെ ജോസഫ്, എ.കെ ശശീന്ദ്രൻ എന്നിവരും മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്.