
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയില്‍ നിന്ന് നീക്കം ചെയ്തു.
സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്.
അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. വോട്ടർ പട്ടികയില്‍ വൈഷ്ണയുടെ പേര് ഇല്ലെന്ന് ആരോപിച്ചു സിപിഎം പരാതിപ്പെട്ടിരുന്നു. സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.
അതിനാല്‍ വൈഷ്ണയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുമായില്ല. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ ഹിയറിങിനുശേഷമാണ് തീരുമാനമെടുത്തത്.
വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.എന്നാല്‍, താൻ താമസിക്കുന്ന വീടിന്റെ നമ്പർ ടിസി 18/ 2365 ആണെന്നും വോട്ടർപട്ടികയില്‍ പേരിനൊപ്പം ചേർന്നിരിക്കുന്ന നമ്പരിലാണ് അപേക്ഷ സമർപ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു.
ഇതുസംബന്ധിച്ച് കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെല്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറി. അമ്പലമുക്ക് വാർഡില്‍ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേല്‍വിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡിലെ നമ്പറും ഇതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതേ വിലാസത്തിലെ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തിരുന്നു.
വീട്ടുനമ്പർ മാറി രേഖപ്പെടുത്തിയതിനാല്‍ യഥാർഥ നമ്ബർ 18/2365 ആണെന്നുള്ള സത്യവാങ്മൂലം കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥർ കൈപ്പറ്റിയില്ലെന്നും സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതിയുന്നയിച്ചു. നിലവില്‍ കേശവദാസപുരം കൗണ്‍സിലറായ അംശു വാമദേവൻ ആണ് മുട്ടടയിലെ എല്‍ഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസ് സ്ഥാനാർഥിയാണ് എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത്. വൈഷ്ണയുടെ പേര് പട്ടികയില്‍നിന്ന് മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോണ്‍ഗ്രസ് ആരോപണം.



