
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഭക്തർക്ക് ഉണ്ടായിരുന്ന വിശ്വാസം തിരികെപ്പിടിക്കുമെന്ന് പ്രസിഡൻ്റ് കെ ജയകുമാർ. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കുമെന്നും വിശ്വാസം വൃണപ്പെടാന്‍ തക്ക ഒരു നടപടിയും ഈ ഭരണസമിതി അനുവദിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു.
ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്റെ വിശ്വാസ്യതയ്‌ക്കു ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ജയകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദം വിശ്വാസികള്‍ക്കിടയില്‍ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം അങ്ങനെ തന്നെ നിലനില്‍ക്കാന്‍ അനുവദിക്കില്ല.
മോശമായ കാര്യങ്ങള്‍ അവിടെ നടക്കാന്‍ ഇടയായതിന് കാരണമായത് നടപടിക്രമങ്ങളിലെ പഴുതുകളാണ്. സമീപനങ്ങളിലെ ചില വൈകല്യങ്ങളുണ്ട്. അതെല്ലാം പരിശോധിച്ച് ആവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ നടപടി സ്വീകരിക്കുമെന്നും കെ. ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയകുമാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം അംഗമായി മുൻ മന്ത്രി കെ. രാജുവും സത്യപ്രതിജ്ഞ ചെയ്തു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ജയകുമാർ പുതിയ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ മലയാളം സർവകലാശാല വൈസ് ചാൻസലരും നിലവില്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്‍മെന്റ് ഡയറക്ടറുമാണ് ജയകുമാർ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്.



