
കൊച്ചി:ഹൈക്കോടതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉദ്യോഗസ്ഥൻ നൽകിയ മറുപടി അത്ഭുതപ്പെടുത്തുന്നതാണ്. ഉത്തരാവാദിത്വത്തിൽ നിന്നുളള ഒളിച്ചോട്ടമെന്നും ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ
ഡേറ്റാ ബാങ്കിൽ നിന്നും ഭൂമി നീക്കണമെന്ന അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട് കോട്ടയം ഡപ്യൂട്ടി കലക്ടർ എസ്.ശ്രീജിത്തിന് 10,000 രൂപ പിഴയിട്ടുകൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീജിത്ത് പാലക്കാട് ആർഡിഒ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. റവന്യൂ രേഖകളിൽ ‘നിലം’ എന്ന് രേഖപ്പെടുത്തിയ തന്റെ 5.01 സെന്റ് ഭൂമി വർഷങ്ങളായി തരിശുകിടക്കുകയാണെന്നും കൃഷിക്ക് അനുയോജ്യമല്ലെന്നും കാണിച്ച് ഡേറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്യാൻ പാലക്കാട് കണ്ണാടി സ്വദേശി സി.വിനുമോൻ അപേക്ഷ നൽകിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശിക സമിതി ശുപാർശ ചെയ്തിട്ടും കൃഷി ഓഫീസറുടെ റിപ്പോർട്ട് മാത്രം പരിഗണിച്ച് അപേക്ഷ ആർഡിഒ തള്ളി. തുടർന്ന് അപേക്ഷകൻ ഹൈക്കോടതിയെ സമീപിച്ചതോടെ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടു.
എന്നാൽ, പഴയ ഉത്തരവ് ആവർത്തിച്ച് ആർഡിഒ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിനെതിരെ അപേക്ഷകൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് സ്വന്തം പോക്കറ്റിൽ നിന്ന് ഹർജിക്കാരനു ചെലവായ പിഴത്തുക നൽകാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കലക്ടറുടെ നടപടി ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ ചട്ടം 2008 പ്രകാരം ഭൂമി ഡേറ്റ ബാങ്കിൽനിന്നു നീക്കം ചെയ്യാൻ നൽകുന്ന ഫോം 5 അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ റദ്ദാക്കുക എന്നത് കോടതിയുടെ പതിവ് ജോലിയായിരിക്കുകയാണെന്നു സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി.
90 ശതമാനം അപേക്ഷകളിലും കൃത്യമായി മനസ്സിരുത്താതെ ഒരേതരം വാചകങ്ങൾ ആവർത്തിച്ചാണ് ഉദ്യോഗസ്ഥർ ഉത്തരവിടുന്നത്. വ്യക്തമായ ഉത്തരവിടാൻ ഒട്ടേറെ നിർദേശങ്ങൾ നൽകിയിട്ടും പരിഗണിക്കുന്നില്ല. ഉദ്യോഗസ്ഥർ തന്നെയുണ്ടാക്കി അവരുടെയിടയിൽ പ്രചരിപ്പിച്ചിരിക്കുന്ന മാതൃക അടിസ്ഥാനമാക്കിയാണ് ഉത്തരവിടുന്നതെന്നു ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.



