സ്വന്തം ലേഖകൻ
കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. താഴത്തങ്ങാടി വേളൂർ ഇളമ്പള്ളി സലാഹുദീനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
താഴത്തങ്ങാടിയിൽ മീനച്ചിലാറിനു സമീപം സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വൻതോതിൽ വിതരണം ചെയ്യുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കഞ്ചാവ് വിൽക്കാൻ എത്തിയ സലാഹുദീനെ എക്സൈസ് സംഘം പിടികൂടിയത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് പൊതികൾ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.വി അനൂപ്, പ്രീവന്റീവ് ഓഫിസർ രമേശ്, സിവിൽ എക്സൈസ് ഓഫിസർ കെ.എൻ അജിത് കുമാർ, രഞ്ജിത് നന്ത്യാട്ട്, ടി.അജിത്, അഞ്ചിത്ത് രമേശ്, ജീമോൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ അഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
നേരത്തെ പല തവണ കഞ്ചാവ് കേസിന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായിട്ടുള്ള ആളാണ് സലാഹുദീൻ.