
കോട്ടയം: ആശാപ്രവര്‍ത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞ സി.പി.എം. നിലപാടിനോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി.
കുറവിലങ്ങാട് പഞ്ചായത്ത് 13-ാം വാര്‍ഡിലാണു സി.പി.എം. പള്ളിയമ്ബ് ബ്രാഞ്ച് സെക്രട്ടറി എം.എ. രവീന്ദ്രന്റെ ഭാര്യയും മഹിള അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയുമായ സിന്ധു രവീന്ദ്രന്‍ യു.ഡി.എഫ്. പാനലില്‍ മത്സരിക്കുന്നത്. ആശാ വര്‍ക്കേഴ്‌സ് യുണിയന്‍ (സി.ഐ.ടി.യു.) കുറവിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി, കടുത്തുരുത്തി ഏരിയാ കമ്മിറ്റിയംഗം, എന്‍.ആര്‍.ഇ.ജി.എച്ച്.എം. മഹിളാ സംഘടനാ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന സിന്ധു സി.പി.എം. അംഗവുമായിരുന്നു.
തിരുവനന്തപുരത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കരുതെന്നു സി.പി.എം. നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ട്ടി വിലക്കു ലംഘിച്ച് ഒന്‍പതു തവണയാണ് സിന്ധുവിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട്ടുനിന്നുള്ള ആശാപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ രാപകല്‍ സമരത്തില്‍ പങ്കെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരത്തിന് എല്ലാ പിന്തുണയും നല്‍കിയതു യു.ഡി.എഫാണെന്നും അതിനാലാണു കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും സിന്ധു രവീന്ദ്രന്‍ പറഞ്ഞു.
‘ആശാപ്രവര്‍ത്തകര്‍ നടത്തിയ ന്യായമായ സമരത്തെ തള്ളിപ്പറയുകമാത്രമല്ല അടിച്ചൊതുക്കാനുമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചത്. തൊഴിലാളി വര്‍ഗത്തിനൊപ്പമെന്നു പറയുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ തെളിവുകൂടിയായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ സമീപനം.
ഞങ്ങള്‍ നടത്തിയ സമരത്തിനു കുറവിലങ്ങാടെ ജനങ്ങളും യു.ഡി.എഫ്. പ്രവര്‍ത്തകരും വലിയ പിന്തുണയാണ് നല്‍കിയത്. സംസ്‌ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനുള്ള മറുപടിയായിരിക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം.
ജനങ്ങള്‍ എന്നെ കൈവിടില്ലെന്നു വിശ്വാസമുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഭര്‍ത്താവ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായതിനാല്‍ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ വഴിയില്ല. മക്കളായ അഞ്‌ജലിയും അര്‍ജുനും എനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്’-സിന്ധു പറഞ്ഞു.
സ്വന്തം രാഷ്‌ട്രീയ നിലപാടു സ്വീകരിക്കാന്‍ പൂര്‍ണസമ്മതമാണു ഭര്‍ത്താവ് തന്നിരിക്കുന്നതെന്നും സിന്ധു വ്യക്‌തമാക്കി. ആശാസമര പോരാളിയായ സിന്ധുവിനു നാട്ടില്‍ പ്രത്യേക പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലെന്നും ഓരോ വീടും സുപരിചിതമായതിനാല്‍ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പറഞ്ഞു. സിന്ധുവിന്റ പ്രചാരണത്തിനായി ആശാസമര നേതാക്കള്‍ കുറവിലങ്ങാട്ടെത്തും.



