
ഇടുക്കി: മറയൂരിൽ പഠനയാത്രയ്ക്കായി എത്തിയ തിരുവനന്തപുരം ലോ കോളേജ്
വിദ്യാർഥികളെ പിന്തുടർന്നെത്തിയ പൂർവവിദ്യാർഥിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ആക്രമിച്ചു.
മറയൂർ ടൗണിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണു സംഭവം. കൊല്ലം കൊട്ടാരക്കര എഴുകോൺ ദ്വാരക വീട്ടിൽ കേശവിന്റെ(19) നെഞ്ചിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി മറ്റൊരു വിദ്യാർഥിയായ വേണുഗോപാലിനെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
മറയൂർ ടൗണിൽ പാർക്ക് ചെയ്തിരുന്ന ബസിന്റെ പിൻവശത്ത് കൂട്ടം ചേർന്നാണ് മർദിച്ചത്. ഇതു ശ്രദ്ധയിൽപെട്ട മറയൂരിലെ ജീപ്പ് ഡ്രൈവർമാരാണ് വേണുഗോപാലിനെ രക്ഷിച്ചത്. നാട്ടുകാർ ഓടിയെത്തിയപ്പോൾ രണ്ടു കാറുകളിലായി മൂന്നാർ ഭാഗത്തേക്കു കടന്ന 11 അംഗ സംഘത്തെ മറയൂർ പൊലീസ് പിന്തുടർന്ന് പിടികൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോ കോളജിലെ പൂർവവിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദേവനാരായണനാണ് (23) ആക്രമണത്തിനു നേതൃത്വം നൽകിയതെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ വേണുഗോപാൽ ലോ കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹിയാണ്. തിരുവനന്തപുരത്തുനിന്ന് അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 45 പേരാണ് പഠനയാത്രയ്ക്കായി മറയൂരിൽ എത്തിയത്.
മറയൂരിൽനിന്നു തിരുവനന്തപുരത്തേക്കു മടങ്ങാൻ തുടങ്ങുമ്പോഴാണ് സംഭവം. ദേവനാരായണൻ കെഎസ്യു പ്രവർത്തകനും ലോ കോളജ് പൂർവവിദ്യാർഥിയുമാണ്. ദേവനാരായണൻ ഉൾപ്പെടെ 11 പേർ മറയൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.വേണുഗോപാൽ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



