
കോട്ടയം: കുമരകത്തുനിന്ന് കൊച്ചിയിലേക്ക് പോകാനായി ഇന്നു രാവിലെ 11നു രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ എത്തും. ഇന്നു രാവിലെയും കോട്ടയത്ത് ഗതാഗത നിയന്ത്രണമുണ്ട്. കോട്ടയം– കുമരകം റോഡ് വഴി എത്തുന്ന രാഷ്ട്രപതി ബേക്കർ ജംക്ഷൻ, കുര്യൻ ഉതുപ്പ് റോഡ്, ലോഗോസ് ജംക്ഷൻ വഴി ഹെലിപ്പാഡിൽ എത്തും. ഈ വഴിയിൽ കർശന നിയന്ത്രണമുണ്ട്.
കോട്ടയം– കുമരകം– ചേർത്തല റോഡിൽ കോട്ടയം നഗരത്തിനും ബണ്ട് റോഡ് ജംക്ഷനും ഇടയിൽ കടുത്ത നിയന്ത്രണമുണ്ടാകും. രാവിലെ 6 മുതൽ 11 വരെയുമാണ് കോട്ടയം, കുമരകം ഭാഗത്തെ നിയന്ത്രണങ്ങൾ.
കോട്ടയം നഗരത്തിലും കോട്ടയം– കുമരകം ഭാഗത്തും വഴിയോരക്കടകൾ, റോഡരികിലെ പാർക്കിങ്, ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ എന്നിവ ഇന്ന് ഉച്ചയ്ക്ക് 12 വരെ നിരോധിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ സ്കൂളുകൾ രാവിലെ 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കാൻ നിർദേശമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ കുമരകം താജ് ഹോട്ടലിൽ എത്തിയ രാഷ്ട്രപതിയെ ചെണ്ടമേളത്തോടെയാണു സ്വീകരിച്ചത്. ബഗ്ഗിയിൽ കയറിയ രാഷ്ട്രപതി കായലോരത്തെ മുറിയിലേക്കു പോയി. 24–ാം നമ്പർ മുറിയിലായിരുന്നു താമസം.
രാത്രി എട്ടോടെ തിരികെ റിസപ്ഷൻ ഭാഗത്ത് എത്തിയ രാഷ്ട്രപതി കഥകളി, ചെണ്ടമേളം, ഭരതനാട്യം എന്നിവ ആസ്വദിച്ചു. രാഷ്ട്രപതിക്കൊപ്പം എത്തിയ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രേം 23–ാം നമ്പർ മുറിയിലാണ് താമസിച്ചത്. 21–ൽ ഗവർണറും 22ൽ മന്ത്രി വി.എൻ.വാസവനും. ഇന്നു രാവിലെ 7നു ഹൗസ് ബോട്ടിൽ രാഷ്ട്രപതി യാത്ര നടത്തി.



