Spread the love

തിരുവനന്തപുരം: പൊലീസ് ചമഞ്ഞ് സ്പായില്‍ നിന്നും പണം തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം ചിലക്കൂർ അൻസി മൻസിലില്‍ സജീറാണ്(33) അറസ്റ്റിലായത്.

video
play-sharp-fill

വർക്കല പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയായ യുവതിയെ ഭീഷണിപ്പെടുത്തി 46,000 രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. യുവതി നടത്തുന്ന സ്പായില്‍ എല്ലാ മാസവും പൊലീസ് റെയ്ഡ് നടത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. റെയ്ഡ് ഒഴിവാക്കണമെങ്കില്‍ ഇൻസ്പെക്ടർക്ക് പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ആളുകയറാതാക്കി സ്ഥാപനം പൂട്ടിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി സ്പാ ഉടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നഗരസഭയ്ക്കും പണം നല്‍കേണ്ടതുണ്ടെന്നും റെയ്ഡ് നടത്താതെ സ്ഥാപനം നടത്തണമെങ്കില്‍ വീണ്ടും പണം നല്‍കണമെന്നും വ്യാജ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസില്‍ പരാതിയുമായെത്തിയത്. 30,000 രൂപ പണമായും ബാക്കി തുക ഗൂഗിള്‍ പേ വഴിയുമാണ് ഇയാള്‍ കൈക്കലാക്കിയതെന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ വർക്കലയിലെ മറ്റ് സ്ഥാപനങ്ങളില്‍ സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group