‘വെടിവെച്ച് പിടിച്ചതാണോ കോഴിയെ’ ? ‘ഇട്ടിമാണി’യുടെ പുതിയ പോസ്റ്റർ വൈറലായി
സ്വന്തം ലേഖകൻ
മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇട്ടിമാണി മേഡ് ഇൻ ചൈന’യുടെ പുതിയ പോസ്റ്റർ പുറത്തെത്തി. വലംകൈയ്യിൽ തോക്കും ഇടംകൈയ്യിൽ ഒരു കോഴിയുമായി നടന്നുവരുന്ന മോഹൻലാലാണ് പോസ്റ്ററിൽ. മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ച പോസ്റ്ററിന് വൻ പ്രതികരണമാണ് ലഭിച്ചത്. ഒരു മണിക്കൂറിനകം ഇരുപതിനായിരത്തിലേറെ ലൈക്കുകളും 2200ൽ ഏറെ കമന്റുകളും 1100ൽ ഏറെ ഷെയറുകളുമാണ് മോഹൻലാലിന്റെ പോസ്റ്റിന് ലഭിച്ചത്.
രസകരമായ കമന്റുകളോടെയാണ് ആരാധകർ പോസ്റ്റർ സ്വീകരിച്ചിരിക്കുന്നത്. കൈയ്യിൽ പിടിച്ചിരിക്കുന്ന കോഴിയെ തോക്കുകൊണ്ട് വെടിവച്ച് ഇട്ടതാണോ എന്ന രസകരമായ ചോദ്യം പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് പലരും ചോദിക്കുന്നുണ്ട്.ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതരായ ജിബി-ജോജുവിന്റേതാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് ‘ഇട്ടിമാണി’. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹൻലാൽ കഥാപാത്രം ഇതിനുമുൻപ് തൃശൂർ ഭാഷ സംസാരിച്ചത്. ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനുമോഹൻ, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group