
അമ്മമാരുടെ എപ്പോഴുമുള്ള പരാതിയാണ് കുഞ്ഞൊന്നും കഴിക്കുന്നില്ല. എന്നാല്‍ കുഞ്ഞിനുവേണ്ട ഭക്ഷണത്തെ പറ്റി ശരിയായ അറിവില്ലായ്മയാണ് ഈ പരാതിയുടെ അടിസ്ഥാനം. ഒരു കുഞ്ഞിന്റെ ശരീരവും ബുദ്ധിയും ഏറ്റവും അധികം വളര്‍ച്ച പ്രാപിക്കുന്ന ഘട്ടമാണ് അമ്മയ്ക്കുള്ളിലെ 10 മാസങ്ങളും അതിനു ശേഷമുള്ള രണ്ട് വര്‍ഷങ്ങളും. ഈ സമയങ്ങളിലാണ് കുഞ്ഞിന് കൃത്യമായ പോഷകാഹാരം ഉറപ്പാക്കേണ്ടത്. ജനിച്ച് ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ.
ഈ കാലയളവില്‍ വെള്ളവും നല്‍കേണ്ട ആവശ്യമില്ല. അമ്മ കുടിക്കുന്ന വെള്ളത്തിലൂടെ കുഞ്ഞിന് ആവശ്യമായ ജലാംശം ലഭിക്കും. രണ്ട് വയസ്സ് വരെയെങ്കിലും മുലപ്പാല്‍ നല്‍കുന്നത് തുടരുക. പരമാവധി എത്ര വയസ്സ് വരെ നല്‍കാം എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങളില്ല. എന്നാല്‍ നാലുവര്‍ഷത്തേക്ക് മുലപ്പാല്‍ മാത്രം ആയിക്കൂടെ എന്ന് ചോദിക്കാം.
അത് പറ്റില്ല. കാരണം, വളരുന്നതിനനുസരിച്ച് കുഞ്ഞിനുള്ള പോഷകങ്ങള്‍ മുഴുവന്‍ എത്തിക്കാന്‍ മുലപ്പാലിന് കഴിയില്ല. ആറുമാസംവരെ മുലപ്പാല്‍ മാത്രം കുടിച്ചിരുന്ന കുഞ്ഞിന് ആറുമാസം തികയുന്ന ദിവസംതൊട്ട് എന്തുകൊടുക്കുമെന്ന ആശങ്കയാണ് പലര്‍ക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍ബന്ധിതാവസ്ഥകളിലൊഴികെ ഒരുകാരണവശാലും ആറുമാസത്തിന് മുമ്പ് കോംപ്ളിമെന്ററി ഫീഡിങ് തെരഞ്ഞെടുക്കരുത്. അമ്മയുടെ ജോലി, ചികിത്സ, മാതൃമരണം തുടങ്ങിയ സാഹചര്യങ്ങളിലല്ലാതെ നേരത്തെ ഖരഭക്ഷണം നല്‍കുന്നത് പരിഗണിക്കേണ്ട. മുലയൂട്ടുന്ന നാളത്രയും കുഞ്ഞിനെക്കാള്‍ നന്നായി കഴിക്കേണ്ടത് അമ്മയാണ്.
ഓരോ ദിവസവും അമ്മയുടെ സാധാരണ ഭക്ഷണത്തില്‍ 600 കിലോ കലോറി അധികം ഉണ്ടാകണം. കൂടാതെ, ആവശ്യത്തിന് ഇരുമ്പും കാത്സ്യവും മാംസ്യവും വൈറ്റമിനുകളും അടങ്ങിയ ആഹാരമാകണം അവര്‍ കഴിക്കേണ്ടത്. ഇത് കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉപകരിക്കും
ആദ്യം ഒരു ധാന്യംകൊണ്ടുള്ള കുറുക്ക് നല്‍കുക (റാഗി/അരി). റാഗിയില്‍ കുറച്ച് ശര്‍ക്കരകൂടി ചേര്‍ത്താല്‍ കാത്സ്യവും ഇരുമ്പുംകൊണ്ട് സമ്പുഷ്ടമായ വിഭവമായി. നേന്ത്രക്കായ കഴുകി അരിഞ്ഞ് ഉണക്കിപ്പൊടിച്ച് കുറുക്കു രൂപത്തിലാക്കി കൊടുക്കാം.
പൊട്ടാസിയം, ഇരുമ്പ്, ബി വിറ്റാമിന്‍ ഇവയടങ്ങിയ കൂവപ്പൊടി ഏറെ ആരോഗ്യകരമാണ്. കൂവപ്പൊടി കുറുക്കായി നല്‍കുന്നത് ആരോഗ്യപ്രദമാണ്. കുറുക്ക് പോലെ തന്നെ കാരറ്റ്, കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍ വേവിച്ച് ഉടച്ച് നല്‍കുക.
രണ്ടാഴ്ചയ്ക്കുശേഷം അടുത്ത ധാന്യം പരിചയപ്പെടുത്താം. ചോറ് പരിചയപ്പെടുത്താന്‍ വൈകേണ്ട. ചോറൂണു ചടങ്ങ് വൈകുന്നതിന്റെ പേരില്‍ ചോറ് വൈകിക്കുന്നത് കുഞ്ഞിന് നന്നല്ല.
പിന്നീട് ഒന്നിലേറെ ധാന്യങ്ങള്‍ ചേര്‍ത്ത് കുറുക്കി കൊടുക്കുക. കുഞ്ഞിന് ഭാരക്കുറവുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടുതുള്ളി ശുദ്ധമായ നെയ്യ് ചേര്‍ക്കാം. ഭാരമുള്ള കുട്ടികള്‍ക്ക് ഇത് ആവശ്യമില്ല. മധുരത്തിന് ശര്‍ക്കരയോ കല്ക്കണ്ടമോ ചേര്‍ക്കാം.
അണ്ടിപ്പരിപ്പോ നിലക്കടലയോ പൊടിച്ച് കുറുക്കുന്ന ധാന്യത്തോടൊപ്പം ചേര്‍ക്കാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മതിയാകും. ഈ പൊടി സൂക്ഷിച്ചുവയ്ക്കുന്ന പാത്രം കഴുകിവൃത്തിയാക്കി വെയിലത്തുവച്ച് ഉണക്കണം. പൂപ്പല്‍ സാധ്യത ഒഴിവാക്കാനാണിത്.
വീട്ടിലുണ്ടായ പഴങ്ങള്‍ നന്നായി പഴുത്തശേഷം കൈകൊണ്ടുടച്ച് നല്‍കാം. ഭക്ഷണം ഇളംചൂടോടെ നേരത്തിന് പാകംചെയ്ത് കൊടുക്കുക. മൃഗപ്പാല് ചേര്‍ക്കരുത്. ഇടനേരങ്ങളില്‍ പഴങ്ങള്‍ ഉടച്ചതോ ഉരുളക്കിഴങ്ങ്/നേന്ത്രപ്പഴം പുഴുങ്ങിയുടച്ചതോ നല്‍കാം. കുട്ടിക്ക് ഖരപദാര്‍ഥങ്ങള്‍ കൊടുക്കുമ്പോള്‍ വലിയ കഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കഞ്ഞി നന്നായി വേവിച്ചുടച്ച് നല്‍കാം. വേണമെങ്കില്‍ കൂടെ പച്ചക്കറികളോ ചെറുപയറോ വീട്ടുവളപ്പിലുണ്ടായ ഇലക്കറികള്‍ അരിഞ്ഞിട്ടതോ ചേര്‍ത്ത് വേവിക്കാം. ചെറുപയര്‍ മുളപ്പിച്ചത് ഉണക്കിപ്പൊടിച്ച് കുറുക്കുകളിലും കഞ്ഞിയിലുമെല്ലാം ഇടയ്ക്ക് ചേര്‍ത്തുകൊടുക്കാം.
ഏഴ് മാസത്തിന് ശേഷം അംഗന്‍വാടികളില്‍ നിന്ന് വിതരണം ചെയ്യുന്ന അമൃതംപൊടി നല്‍കാം. പല തരം ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ പൊടിയില്‍ ധാരാളം പോഷകങ്ങളുണ്ട്.
എട്ട് മാസത്തിനു ശേഷം മുട്ട മഞ്ഞ നല്‍കാം. അല്പാല്പമായി നല്കി അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തുക. സാവധാനം മുട്ട വെള്ള നല്കിത്തുടങ്ങാം. തുടര്‍ന്ന് ഇറച്ചിയും മീനുമെല്ലാം നല്‍കാം. ഒരു വയസ്സുമുതല്‍ വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാം കൊടുത്തു തുടങ്ങാം.