
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമരകത്ത് വ്യാപകമായ നാശനഷ്ടം. കൂടാതെ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
കുമരകം–അട്ടിപ്പീടിക റോഡിൽ ബിവറേജസ് കോർപറേഷന്റെ സമീപത്താണ് ആദ്യം മരം വീണത്. കോട്ടയത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ കോണത്താറ്റു പാലത്തിന്റെ നിർമാണം മൂലം വണ്‍വേ വഴി അട്ടിപ്പീടിക റോഡിൽ കയറി, അവിടുന്നു കുമരകത്തെ പ്രധാന റോഡിലേക്ക് പ്രവേശിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് അട്ടിപ്പീടിക റോഡിൽ വീണ മരം ഗതാഗതത്തിൽ വലിയ തടസ്സം സൃഷ്ടിച്ചത്.
കുമരകത്തെ പല പ്രദേശങ്ങളിലുമുള്ള ചെറു റോഡുകളിലെല്ലാം മരം വീണ് ഗതാഗതം താറുമാറായി. മഴക്കെടുതി മൂലം വിവിധ സ്ഥലങ്ങളില്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തിരക്കിലായതിനാല്‍, കുമരകം എസ്എച്ച്ഒയുടെ അഭ്യർഥനയെ തുടർന്ന് ബാക്ക് വാട്ടർ റിപ്പിള്‍സ് റിസോർട്ടിലെ ജീവനക്കാരാണ് അട്ടിപ്പീടിക റോഡിലെ മരം മുറിച്ചുമാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ കുമരകം പെട്രോള്‍ പമ്പിന്റെ സമീപത്തും പോളക്കുളം ബാറിനും കൈപ്പുഴമുട്ട് പാലത്തിനുമിടയിലും മരങ്ങള്‍ വീണു. കുമരകം അഞ്ചാം വാർഡിലെ കണ്ണാടിച്ചാല്‍ പാടത്തിനുള്ളിൽ തുരുത്തിലായി താമസിക്കുന്ന കുന്നക്കാട് കുര്യാക്കോസിൻ്റെ വീടിന്റെ മേൽക്കൂര മുഴുവനായും തകർന്നുപോയി.
കുമരകം ആറാം വാർഡില്‍ ഇടവട്ടം തെക്കേത്തറ വീട്ടില്‍ ജോസഫിന്റെ ( ബാബു) വീട് ഭാഗികമായി തകർന്നു. മണിക്കൂറില്‍ 52 കിലോമീറ്റർ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റ് കുമരകത്തിന്റെ പല ഭാഗങ്ങളിലും നാശം വിതച്ചതായി പറയുന്നു.







