play-sharp-fill
വിഷ്ണു സോമസുന്ദറിനെ കണ്ടെത്താനാകാതെ ക്രൈബ്രാഞ്ചും ഡി ആർ ഐയും

വിഷ്ണു സോമസുന്ദറിനെ കണ്ടെത്താനാകാതെ ക്രൈബ്രാഞ്ചും ഡി ആർ ഐയും

സ്വന്തം ലേഖിക

തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന െ്രൈകംബ്രാഞ്ചും സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആർ.ഐയും ഒരുപോലെ തിരയുന്ന ഒരാളുണ്ട് – വിഷ്ണു സോമസുന്ദരം.വിമാനത്താവളത്തിലെ സ്വർണക്കടത്തിലെ പ്രധാന പ്രതിയായ വിഷ്ണുവിനെ കണ്ടെത്തിയാലേ ഡി.ആർ.ഐ അന്വേഷണം മുന്നോട്ടുപോവൂ. ബാലുവിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തുകാരുടെ കരങ്ങളുണ്ടോ എന്ന് ഉറപ്പിക്കാൻ ക്രൈംബ്രാഞ്ചിനും വേണ്ടത് വിഷ്ണുവിനെത്തന്നെ.നിയമബിരുദധാരിയാണ് വിഷ്ണു. എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതിയിൽ വിഷ്ണു സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു. ഇയാൾ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണത്തിൽ വെല്ലുവിളിയാവുന്നത്. ഇയാൾ ഇന്ത്യയിൽ ഉണ്ടെന്നാണ് ഡി.ആർ.ഐ പറയുന്നത്.വിഷ്ണുവിന്റെയും സുഹൃത്ത് ജിത്തുവിന്റെയും നേതൃത്വത്തിൽ ഗൾഫിൽ നിന്ന് കോടികളുടെ സ്വർണ്ണം കേരളത്തിലേക്ക് കടത്തിയതായി ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടതും വിഷ്ണുവായിരുന്നു. വിഷ്ണുവിന്റെ സുഹൃത്ത് പ്രകാശൻ തമ്പിയും സ്വർണക്കടത്ത് പ്രതിയാണ്.ദുബായിൽ നിന്ന് 25കിലോഗ്രാം സ്വർണം കൊണ്ടുവന്ന സെറീനയും വിഷ്ണുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിരുന്നു. സ്വർണം കടത്തുന്നവർക്കുള്ള പ്രതിഫലം, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ വിഷ്ണുവാണ് നോക്കിയിരുന്നത്. സൂപ്രണ്ടിന്റെ ഫോണിൽ വിഷ്ണുവിന്റെ നിരവധി വിളികൾ എത്തിയതായും ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്.വിഷ്ണുവിന്റെ സുഹൃത്ത് ദുബായ് കേന്ദ്രമായി സ്വർണ്ണക്കടത്ത് നടത്തുന്ന തിരുവനന്തപുരം സ്വദേശി ജിത്തുവാണ് സെറീനയുടെ കൈയിൽ 25കിലോ സ്വർണം കൊടുത്തയച്ചത്. തനിക്ക് ജിത്തുവിനെ പരിചയപ്പെടുത്തിയത് പാകിസ്ഥാൻ പൗരൻ നദീമാണെന്നാണ് സെറീന മൊഴിനൽകിയത്. സ്വർണക്കടത്തിലെ പാക് ബന്ധത്തെക്കുറിച്ച് എൻ.ഐ.എയും റായും അന്വേഷിക്കുകയാണ്. സ്വർണക്കടത്തിനായി വിഷ്ണു നിരവധി തവണ വിദേശയാത്ര നടത്തിയതായി ഡി.ആർ.ഐ പറഞ്ഞു. വിഷ്ണുവിനെ കിട്ടിയാലേ ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് അറിയാനാവൂ.