play-sharp-fill
ബാലഭാസ്‌കറിന്റെ മരണം;വാഹനം ഓടിച്ചത് അർജുനാണെന്ന് ദൃക്സാക്ഷികളുടെ മൊഴി

ബാലഭാസ്‌കറിന്റെ മരണം;വാഹനം ഓടിച്ചത് അർജുനാണെന്ന് ദൃക്സാക്ഷികളുടെ മൊഴി

സ്വന്തം ലേഖകൻ

 

കൊല്ലം: ബാലഭാസ്‌കർ സഞ്ചരിച്ച കാർ പള്ളിമുക്കിൽ നിന്ന് തിരുവനന്തപുരത്തേക്കു പോകുമ്പോഴും ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ഉറപ്പിക്കാനാകുംവിധം ദൃക്സാക്ഷികളുടെ മൊഴി. യാത്രയ്ക്കിടെ ബാലഭാസ്‌കർ ജ്യൂസ് കുടിക്കാൻ കയറിയ കൊല്ലം പള്ളിമുക്കിലെ കടയിൽ അപ്പോഴുണ്ടായിരുന്ന ചവറ തെക്കുഭാഗം സ്വദേശികളായ അഖിൽ, ലാൽകൃഷ്ണൻ, ബിനുക്കുട്ടൻ എന്നിവരാണ് ഇന്നലെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കാർ മുന്നോട്ടെടുക്കും മുൻപുതന്നെ ബാലഭാസ്‌കർ പിൻസീറ്റിൽ കിടന്നുവെന്നും മൊഴിയിലുണ്ട്.ബാലഭാസ്‌കർ എത്തുമ്പോൾ അഖിലും സംഘവും ജ്യൂസ് കടയിൽ ഉണ്ടായിരുന്നുവെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ ബന്ധപ്പെട്ട് മൊഴി നൽകാൻ ആവശ്യപ്പെട്ടത്. പി.എസ്.സി പരിശീലനം നടത്തുന്ന യുവാക്കളുടെ കൂടി സൗകര്യം പരിഗണിച്ചാണ് അന്വേഷണ സഘം ചവറയിലെത്തി മൊഴിയെടുത്തത്. വൈകിട്ട് 4.45ന് തുടങ്ങിയ മൊഴിയെടുപ്പ് സന്ധ്യയ്ക്ക് 6.45 വരെ നീണ്ടു. അന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന സൈനികനായ സച്ചു മദ്ധ്യപ്രദേശിലെ ജോലിസ്ഥലത്തായതിനാൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താനായില്ല.അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണനാണ് ചവറ കെ.എം.എം.എൽ റെസ്റ്റ് ഹൗസിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്.
മൊഴിയിലെ പ്രധാന ഭാഗങ്ങൾ;


വിദേശത്ത് ജോലിക്കുപോകുന്ന ബന്ധുവിനെ തിരുവനന്തപുരം വിമാനത്താവളത്തിലാക്കി തിരികെ വരുമ്പോഴാണ് അഖിലും സുഹൃത്തുക്കളും പള്ളിമുക്കിലെ ഷംനാദിന്റെ ജ്യൂസ് കടയിൽ കയറിയത്. ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ നീല ഇന്നോവ കാർ കടയുടെ മുന്നിൽ കൊണ്ടുവന്നു നിറുത്തി. ഡ്രൈവർ സീറ്റിൽ നിന്ന് ത്രീ ഫോർത്ത് ധരിച്ച യുവാവ് പുറത്തിറങ്ങി ചിക്കൂസ് ആവശ്യപ്പെട്ടു. ചിക്കൂസ് ഇല്ലാത്തതിനാൽ ഈന്തപ്പഴം കരിക്കിൻ ഷേക്ക് ഒരെണ്ണം വാങ്ങി. ഈ സമയം കാറിന്റെ മുൻ സീറ്റിൽ ഒരു യുവതിയും അവരുടെ മടിയിൽ കുഞ്ഞും ഉറങ്ങുകയായിരുന്നു. ജ്യൂസുമായി യുവാവ് കാറിന്റെ തൊട്ടുപിന്നിലെ സീറ്റിനടുത്തേക്ക് പോയപ്പോഴാണ് ഉള്ളിലുള്ളത് ബാലഭാസ്‌കറാണെന്ന് മനസിലായത്. കാറിന്റെ ഡോർ തുറന്നെങ്കിലും ബാലഭാസ്‌കർ പുറത്തിറങ്ങിയില്ല. രണ്ടുപേരും ജ്യൂസ് പങ്കിട്ട് കഴിച്ചു. മുൻ സീറ്റിന്റെ ഭാഗത്തെ ലേഡീസ് ബാഗിൽ നിന്ന് ബാലഭാസ്‌കറാണ് പണമെടുത്ത് യുവാവിന് നൽകിയത്. യുവാവ് വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ഡോർ അടയ്ക്കും മുൻപ് അഖിലിനോടും സുഹൃത്തുക്കളോടും ബാലഭാസ്‌കർ ചിരിച്ച് തലയാട്ടി. തുടർന്ന് ഡോർ അടച്ച് സീറ്റിൽ കിടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group