video
play-sharp-fill
മാർഗ്ഗ നിർദേശവുമായി ആരോഗ്യമന്ത്രി, മാധ്യമങ്ങൾ നിപ ബാധിത മേഖലകളിൽ പോകരുത്

മാർഗ്ഗ നിർദേശവുമായി ആരോഗ്യമന്ത്രി, മാധ്യമങ്ങൾ നിപ ബാധിത മേഖലകളിൽ പോകരുത്

സ്വന്തംലേഖകൻ

 

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് മാധ്യമങ്ങൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. രോഗം ബാധിച്ച ആളുടെ വീട്ടിലേക്കോ പ്രദേശത്തേക്കോ ഇനി മാധ്യമ പ്രവർത്തകർ പോകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. പ്രത്യേകം പരിശീലനം ലഭിച്ചവർ മാത്രമേ ഇനി രോഗം റിപ്പോർട്ട് ചെയ്ത മേഖലയിലേക്ക് പോകാവൂ എന്നാണ് ആരോഗ്യവകുപ്പിൻറെ നിർദ്ദേശം.എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവരിൽ ആരെങ്കിലും മാധ്യമപ്രവർത്തകരെ കാണും. അഞ്ച് മണിക്ക് മാധ്യമങ്ങൾക്ക് മെഡിക്കൽ ബുള്ളറ്റിൻ ലഭ്യമാക്കും. ഔദ്യോഗിക വാർത്താ സമ്മേളനത്തിലും മെഡിക്കൽ ബുള്ളറ്റിനിലുമുള്ള വാർത്തകളാണ് മാധ്യമങ്ങൾ നൽകേണ്ടത്. മാധ്യമപ്രവർത്തകരിൽ നിന്നും ആരോഗ്യവകുപ്പ് ഒരു വാർത്തയും മറച്ചുവയ്ക്കില്ലെന്നും ഈ സമയത്ത് എക്‌സ്‌ക്ലൂസീവ് ന്യൂസുകൾക്കായി മാധ്യമങ്ങൾ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.നിപ ബാധ സംശയിക്കപ്പെട്ടപ്പോൾ മുതൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വളരെ നല്ല രീതിയിൽ വാർത്ത കൈകാര്യം ചെയ്തുവെന്ന് വാർത്താ സമ്മേളനത്തിൽ കെകെ ഷൈലജ ടീച്ചർ പറഞ്ഞു. ഇന്ന് പത്രങ്ങൾ പരിശോധിച്ചതിൽ കൃത്യമായ അവബോധമുണ്ടാക്കുന്ന രീതിയിലാണ് അവരുടെ റിപ്പോർട്ടിംഗ് എന്ന് ബോധ്യപ്പെട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി.ഒരു ചാനലൊഴികെ മറ്റു മാധ്യമങ്ങളെല്ലാം മാധ്യമധർമ്മം കൃത്യമായി നിറവേറ്റി. അവർക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കുന്ന രോഗിയിൽ നിന്ന് മാത്രമേ രോഗം പകരൂ. രോഗം വന്നവരുമായി അടുത്ത് പെരുമാറിയവരെ നിരീക്ഷണത്തിൽ വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. അവരെ കണ്ടാലുടൻ നിപ്പ വരുമെന്ന തരത്തിലുള്ള ധാരണ പരക്കുന്നത് തടയണം. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് സാമൂഹ്യബഹിഷ്‌കരണ സാഹചര്യം ഉണ്ടാകുന്നത് തടയണം. രോഗം തടയാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി കൂട്ടായ്മകൾ വിളിച്ചുചേർക്കാൻ ആകാത്ത സാഹചര്യമാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലീഫ് ലെറ്റുകൾ വിതരണം ചെയ്യുന്നതും ഗൃഹസന്ദർശനം നടത്തുന്നതും അടക്കമുള്ള ബോധവൽക്കരണ പ്രവർത്തനങൾ നടത്തുന്നുണ്ട്.മാധ്യമങ്ങൾ നിപയെക്കുറിച്ചും നിപ പ്രതിരോധത്തെക്കുറിച്ചുമുള്ള അവബോധപ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ നടത്തുന്നുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രധാനപ്പെട്ട വാർത്തകൾക്കിടയിൽ ആരോഗ്യവകുപ്പിൻറെ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾത്തന്നെ നൽകുന്നുണ്ട്. അത്തരം പരിശ്രമങ്ങൾ തുടരണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.