വത്തിക്കാൻ: മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറം ലോക ജനതയുടെ തന്നെ ആരാധനാ പാത്രമായിരുന്ന അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ആഗോള കത്തോലിക്കാ സഭയെ നയിക്കാൻ കർദ്ദിനാളായ റോബർട്ട് പ്രെവോസ്തിനെ ദിവസങ്ങള്‍ക്ക് മുമ്പാണ് തിരഞ്ഞെടുത്തത്.
ലിയോ പതിനാലാമൻ എന്ന പേരിലാണ് പുതിയ മാർപാപ്പ അറിയപ്പെടുക. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലില്‍ നടന്ന കർദ്ദിനാള്‍മാരുടെ കോണ്‍ക്‌ളേവിന്റെ രണ്ടാം ദിനത്തിലെ മൂന്നാം റൗണ്ട് വോട്ടെടുപ്പിലാണ് ലിയോ മാർപാപ്പയെ സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള വെളുത്ത പുക ഉയർന്നത്. മാർപാപ്പയുടെ പദവിയിലെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് ലിയോ പതിനാലാമൻ.
നിലപാടുകളുടെ വ്യത്യസ്തത കൊണ്ട് ലോകരാജ്യങ്ങളില്‍ സ്വീകാര്യത ലഭിച്ച മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. പണവും സമ്പത്തും സുഖലോലുപതകളും ഒരിക്കലും ഫ്രാൻസിസ് മാർപാപ്പയെ സ്വാധീനിച്ചിട്ടില്ല. 2013ല്‍ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ സ്‌റ്റൈഫന്റായി ലഭിക്കുന്ന തുക വേണ്ടെന്ന് അദ്ദേഹം നിലപാടെടുത്തു. ഇപ്പോഴിതാ പുതിയ മാർപാപ്പയ്ക്ക് എത്ര രൂപ ശമ്പളമായി ലഭിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. മാർപാപ്പയ്ക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം…
പുതിയ മാർപാപ്പയുടെ ശമ്ബളം എത്ര?
ലിയോ പതിനാലാമന് ഒരു മാസം 33,000 ഡോളറാണ് ശമ്പളമായി ലഭിക്കുക. അതായത് ഏകദേശം 28 ലക്ഷം രൂപയോളം അടുപ്പിച്ച്. യുഎസ് പ്രസിഡന്റിന്റെയും ഉന്നത സർവ്വകലാശാല മേധാവികളുടെയും അതേ ശമ്പളമാണിത്. എന്നാല്‍ മാർപാപ്പയ്ക്ക് മറ്റ് സവിശേഷ ആനുകൂല്യങ്ങളും ലഭിക്കുന്നു. 24 മണിക്കൂറും സൗജന്യ ഭക്ഷണം, പോപ്പ് മൊബൈലിലേക്കുള്ള പ്രവേശനം, ഒരു സ്വകാര്യ ഫാർമസി, അങ്ങനെ പലതും ഇതില്‍ ഉള്‍പ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ മാർപാപ്പയുടെ തീരുമാനം
ഫ്രാൻസിസ് മാർപാപ്പയെ പോലെ ശമ്പളം വേണ്ടെന്ന നിലപാട് പുതിയ മാർപാപ്പ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ശമ്പളം സ്വീകരിച്ചാല്‍ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ അത്രയും വരുമാനം അദ്ദേഹത്തിനും ലഭിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം എന്തുതന്നെയായാലും, പോപ്പ്‌മൊബൈല്‍ മുതല്‍ വിരമിക്കല്‍ വരെയുള്ള എല്ലാ പരമ്പരാഗത ആനുകൂല്യങ്ങളും അദ്ദേഹത്തിന് തുടർന്നും ലഭ്യമാകും.
ചരിത്രപരമായി, മാർപാപ്പമാർക്ക് വലിയ ശമ്പളം ലഭിച്ചിട്ടില്ല. പകരം, മിക്ക ആവശ്യങ്ങളും നിറവേറ്റപ്പെടുന്ന ഒരു ജീവിതമാണ് വത്തിക്കാൻ വാഗ്ദാനം ചെയ്യുന്നത്. ഗ്രാന്റ് അപ്പോസ്‌റ്റോലിക് കൊട്ടാരത്തിലാണ് മാർപാപ്പയുടെ താമസം. എന്നാല്‍ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ സിറ്റിയിലെ ഏറ്റവും ലളിതമായ ഡോമസ് സാങ് മാർത്തേ ഗസ്റ്റ്ഹൗസില്‍ താമസിക്കാൻ തിരഞ്ഞെടുത്തത് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.
വത്തിക്കാന്റെ വരുമാനം
വത്തിക്കാന്റെ ഏറ്റവും വലിയ വരുമാനം, നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും സംഭാവനകളുമാണ്. വത്തിക്കാനിലെ ടൂറിസത്തില്‍ നിന്ന് ലഭിക്കുന്നതും മ്യൂസിയം ടിക്കറ്റില്‍ നിന്ന് ലഭിക്കുന്നതും ഒരു വരുമാനമാണ്. വത്തിക്കാന്റെ ഏറ്റവും അറിയപ്പെടുന്ന ധനസഹായ സ്രോതസ്സുകളില്‍ ഒന്ന് പീറ്റേഴ്സ് പെൻസ് ആണ്. ലോകമെമ്പാടുമുള്ള കത്തോലിക്കരില്‍ നിന്ന് വാർഷികമായി ശേഖരിക്കുന്ന ഒരു വഴിപാടാണിത്. ഇത് ഓരോ വർഷവും ഏകദേശം 20 ദശലക്ഷം പൗണ്ട് വരെ ഉണ്ടാകും. യുഎസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ധനസഹായം എത്തുന്നത്.
വത്തിക്കാന്റെ സാമ്പത്തിക സ്ഥിതി വളരെക്കാലമായി ചില വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് കാര്യങ്ങള്‍ കൂടുതല്‍ വഷളായിരുന്നു. 2021 ല്‍ ഫ്രാൻസിസ് മാർപാപ്പ പ്രധാന ശമ്പള വെട്ടിക്കുറവുകള്‍ അംഗീകരിക്കാൻ കാരണമായിരുന്നു. നിലവില്‍ കർദ്ദിനാള്‍മാർക്ക് 3.77 ലക്ഷം മുതല്‍ 5.19 ലക്ഷം രൂപ വരെയാണ് ശമ്പളം. ബിഷപ്പുമാർക്ക് 2.83 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. റോമിലുള്ള വൈദികർക്ക് 1.13 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്.