video
play-sharp-fill

ത്രില്ലര്‍ പോരാട്ടം ; രാജസ്ഥാനെ ഒരു റണ്ണിന് കീഴടക്കി കൊല്‍ക്കത്ത ; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കെകെആര്‍

ത്രില്ലര്‍ പോരാട്ടം ; രാജസ്ഥാനെ ഒരു റണ്ണിന് കീഴടക്കി കൊല്‍ക്കത്ത ; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കെകെആര്‍

Spread the love

കൊല്‍ക്കത്ത: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാനെ ഒരു റണ്ണിന് കീഴടക്കി കൊല്‍ക്കത്ത. കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 95 റണ്‍സുമായി രാജസ്ഥാന്‍ നായകന്‍ പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ വൈഭവ് സൂര്യവംശിയെ നഷ്ടമായി. രണ്ട് പന്ത് നേരിട്ട വൈഭവിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാമനായിറങ്ങിയ അരങ്ങേറ്റക്കാരന്‍ കുനാല്‍ സിങ് റാത്തോര്‍ ഡക്കായി മടങ്ങിയതോടെ രാജസ്ഥാന്‍ 8-2 എന്ന നിലയിലായി. പിന്നീട് യശസ്വി ജയ്‌സ്വാളും നായകന്‍ റയാന്‍ പരാഗും സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. എന്നാല്‍ ജയ്‌സ്വാളും(34) പിന്നീടിറങ്ങിയ ധ്രുവ് ജുറെലും(0) വാനിന്ദു ഹസരങ്കയും(0) പുറത്തായതോടെ രാജസ്ഥാന്‍ 71-5 എന്ന നിലയിലേക്ക് വീണു.

തകര്‍ച്ച നേരിട്ട രാജസ്ഥാനെ പിന്നീട് പരാഗും ഷിമ്രോണ്‍ ഹെറ്റ്മയറും ചേര്‍ന്ന് കരകയറ്റുന്നതാണ് ഈഡനില്‍ കണ്ടത്. ഹെറ്റ്മയര്‍ സിംഗിളുകളെടുത്ത് കളിച്ചപ്പോള്‍ റയാന്‍ പരാഗ് വെടിക്കെട്ടിന് തിരികൊളുത്തി. 12 ഓവറില്‍ 102 റണ്‍സാണ് ടീം നേടിയതെങ്കില്‍ 13-ാം ഓവറില്‍ കളി മാറി. മോയിന്‍ അലി എറിഞ്ഞ ഓവറില്‍ അഞ്ച് സിക്‌സറുകള്‍ നേടിയ പരാഗ് ഈഡനില്‍ കത്തിക്കയറി. താരം അര്‍ധസെഞ്ചുറിയും തികച്ചു. പിന്നീടങ്ങോട്ട് കൊല്‍ക്കത്ത ബൗളര്‍മാരെല്ലാം പരാഗിന്റെ ചൂടറിഞ്ഞു. രാജസ്ഥാന്‍ 15-ഓവറില്‍ 155 ലെത്തിയതോടെ ജയപ്രതീക്ഷ കൈവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഹെറ്റ്മയറിനെയും(29) പരാഗിനെയും(95) പുറത്താക്കി കൊല്‍ക്കത്ത തിരിച്ചടിച്ചു. അതോടെ അവസാനഓവറില്‍ ജയിക്കാന്‍ 22 റണ്‍സ് വേണമെന്ന നിലയിലായി. ശുഭം ദുബെ വെടിക്കെട്ട് നടത്തിയെങ്കിലും 20 റണ്‍സ് മാത്രമാണ് നേടാനായത്. ഒരു റണ്‍ ജയത്തോടെ കെകെആര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണെടുത്തത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ സുനില്‍ നരെയ്‌ന്റെ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റഹ്‌മാനുള്ള ഗുര്‍ബാസും നായകന്‍ അജിങ്ക്യ രഹാനെയും പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ചു. അതോട സ്‌കോര്‍ കുതിച്ചു. ടീം ആറോവറില്‍ 56-ലെത്തി.

സ്‌കോര്‍ 69-ല്‍ നില്‍ക്കേ കൊല്‍ക്കത്തയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 35 റണ്‍സെടുത്ത ഗുര്‍ബാസിനെ മഹീഷ് തീക്ഷണ പുറത്താക്കി. എന്നാല്‍ പിന്നീടിറങ്ങിയ ആങ്ക്രിഷ് രംഘുവംശിയുമൊത്ത് രഹാനെ സ്‌കോര്‍ 100 കടത്തി. രഹാനെ(30) പുറത്തായതോടെ ടീം 111-3 എന്ന നിലയിലായി. പിന്നീട് ആങ്ക്രിഷ് രഘുവംശിയും ആന്ദ്രെ റസ്സലും അടിച്ചുതകര്‍ക്കുന്നതാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ റസ്സല്‍ ബുദ്ധിമുട്ടിയെങ്കിലും വൈകാതെ ട്രാക്കിലായി. അതോടെ പന്ത് പലകുറി അതിര്‍ത്തികടന്നു.

രഘുവംശി 31 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് പുറത്തായി. ആര്‍ച്ചറും തീക്ഷണയുമുള്‍പ്പെടെ രാജസ്ഥാന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ച റസ്സല്‍ അര്‍ധസെഞ്ചുറിയും തികച്ചു. അവസാന ഓവറില്‍ റിങ്കു സിങ്(19) വെടിക്കെട്ട് കൂടി നടത്തിയതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 206 റണ്‍സില്‍ അവസാനിച്ചു. റസ്സല്‍ 25 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സറുകളുടെയും അകമ്പടിയോടെ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.