
പേര് കേട്ട ബ്രദേഴ്‌സ് ടീമിനെ ഒരു പതിനഞ്ചു വയസുകാരൻ ഒറ്റക്ക് വിറപ്പിച്ച ഒരു പഴയ കഥയാണിത്.: കരുത്തന്മാരായ ബ്രദേഴ്‌സിന്റെ പോസ്റ്റിൽ അഞ്ചു ഗോളുകൾ സമ്മാനിച്ച് മത്സരം സമനിലയിലേക്ക് കൊണ്ടെത്തിച്ച ആ മെലിഞ്ഞുണങ്ങിയ പയ്യൻ ആരെന്നറിയാമോ ?
തിരുവനന്തപുരം: “ആ ചെക്കന് ആരെങ്കിലും ഇത്തിരി കഞ്ഞിവെള്ളം കൊടുക്ക്”. പേരുകേട്ട ബ്രദേഴ്‌സ് ടീമിന്റെ ഡിഫെൻസിനെ മറികടക്കാനാകാതെ തളർന്ന് നിന്ന മെലിഞ്ഞുണങ്ങിയ പതിനഞ്ചുകാരൻ ഫോർവേഡിനെ നോക്കി വർഗീസേട്ടൻ വിളിച്ചു പറഞ്ഞു. ഗാലറിയിലിരുന്ന പതിനായിരങ്ങൾ അതുകേട്ട് അവനെ നോക്കി പൊട്ടിച്ചിരിച്ചു. ഒരു പതിനഞ്ചുവയസുകാരൻ തളർന്നുപോകാനുള്ള എല്ലാ സാഹചര്യവും അന്നവിടെ ഉണ്ടായിരുന്നു. എന്നാൽ സെക്കൻഡ് ഹാഫിൽ ഒരു അത്ഭുതത്തിനായിരുന്നു ആ മൈതാനം സാക്ഷ്യം വഹിച്ചത്. പേര് കേട്ട ബ്രദേഴ്‌സ് ടീമിനെ ഒരു പതിനഞ്ചു വയസുകാരൻ ഒറ്റക്ക് വിറപ്പിച്ച മനോഹര നിമിഷം.
വർഷം 1984 : മലയാളി ഫുട്ബോൾ ആരാധകർ വീട്ടിലിരുന്ന് ടിവിയിലൂടെ ഫുട്ബോൾ കണ്ട് ഹരം കൊള്ളുന്നതിന് മുൻപുള്ള ഒരു സെവൻസ് കാലം.. തുടർച്ചയായി കപ്പെടുത്തുകൊണ്ടിരിക്കുന്ന ബ്രദേഴ്‌സ് ആണ് എരുമപട്ടിയിലെ അക്കാലത്തെ മികച്ച ടീം. സൈഡ് ബെഞ്ചിൽ ഇരിക്കുന്നവർക്ക് പോലും ആരാധകരുള്ള ബ്രദേഴ്‌സ് ടീമിന്റെ ഉദ്‌ഘാടന മത്സരമായിരുന്നു അന്നവിടെ. എതിരാളികൾ തൃശ്ശൂരിലെ ഏതോ കേട്ടുകേൾവിയില്ലാത്ത ക്ലബില്ലെ മീശ മുളക്കാത്ത കുറച്ചു ചെക്കന്മാർ. ഒറ്റനോട്ടത്തിൽ തന്നെ തട്ടിക്കൂട്ടി ഇറക്കിയ ടീം ആണെന്നത് വ്യക്തം. ഗാലറിയിൽ തിങ്ങി നിറഞ്ഞിരുന്ന ബ്രദേഴ്‌സ് ടീമിന്റെ ആരാധകർ, കുട്ടി നിക്കറിട്ട മെലിഞ്ഞുണങ്ങിയ ആ പിള്ളേരെ നോക്കി പരിഹസിച്ചു. എല്ലുറപ്പില്ലാത്ത ചെക്കന്മാരെയൊക്കെ ടൂർണമെന്റിൽ കളിക്കാൻ കൊണ്ട് വന്ന സംഘാടകരെ നാട്ടിലെ ഫുട്ബോൾ വിദഗ്ദ്ധൻ വർഗീസേട്ടൻ വിമർശിച്ചു.
ഒടുവിൽ കളി തുടങ്ങി, എല്ലാം പ്രതീക്ഷിച്ചത് പോലെ തന്നെ. മിന്നും ഫോമിൽ നിൽക്കുന്ന ബ്രദേഴ്‌സ് ടീം ആദ്യ പത്ത് മിനിട്ടിൽ തന്നെ തൃശ്ശൂരിലെ ചെക്കന്മാരുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത് രണ്ട് ഗോളുകൾ. ഹാഫ് ടൈമിനോട് അടുക്കുമ്പോൾ ആ ഗോളുകളുടെ എണ്ണം അഞ്ചായി. അപ്പോഴാണ് ബ്രദേഴ്‌സിന്റെ ഡിഫെൻസിനെ മറികടക്കാനാകാതെ തളർന്നിരുന്ന തൃശൂരിലെ ചെക്കന്മാരുടെ ഫോർവെഡിനെ നോക്കി വർഗീസേട്ടന്റെ ഡയലോഗ് “ആ ചെക്കന് ആദ്യം ഇത്തിരി കഞ്ഞിവെള്ളം കൊടുക്ക്. ഗാലറിയിൽ ഇരുന്ന പതിനായിരക്കണക്കിന് വരുന്ന ബ്രദേഴ്‌സ് ആരാധകർ ആ പരിഹാസ വാക്കുകൾ കേട്ട് അവനെനോക്കി പൊട്ടിച്ചിരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളി വീണ്ടും തുടങ്ങി. ഹാഫ് ടൈമിലെ 5-0 എന്ന സ്‌കോർ കണ്ട് ബ്രദേഴ്‌സിന്റെ വിജയമുറപ്പിച്ച കാണികളിൽ പലരും ഗാലറി വിട്ട് തിരികെ പോകാൻ തുടങ്ങിയിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. ബ്രദേഴ്‌സ് ടീമും കാണികളും ഒരേ സമയം എന്താണ് സംഭവിച്ചതെന്നറിയാതെ സ്ഥബ്ദരായി നിന്നുപോയ നിമിഷം. ബ്രദേഴ്‌സ് ടീമിന്റെ നാലു പേരെ ട്രിബിൾ ചെയ്ത് കുതിച്ചു പാഞ്ഞ തൃശൂർകാരുടെ കറുത്ത് മെലിഞ്ഞ ഫോർവേഡ് പയ്യൻ ഒടുവിൽ ഗോളിയെയും വെട്ടിച്ചു ബ്രദേഴ്‌സിന്റെ ഗോൾ പോസ്റ്റിലേക്ക് അവിശ്വസനീയമായൊരു ഗോൾ അടിച്ചുകയറ്റിയിരിക്കുന്നു.
സ്‌കോർ 5-1. കളി മടുത്തു പോകാനായി ഇറങ്ങിയവർ പോലും തിരികെ വന്ന് സീറ്റിൽ സ്ഥാനമുറപ്പിച്ച നിമിഷം. പിന്നീട് ആ മൈതാനം സാക്ഷ്യം വഹിച്ചത് ബ്രദേഴ്‌സ് ടീമിന്റെ പേരുകേട്ട പ്രധിരോധനിര തൃശ്ശൂരിൽ നിന്ന് വന്ന കറുത്ത് മെലിഞ്ഞ ഫോർവേർഡ് ചെക്കനെ തടഞ്ഞു നിർത്താൻ പണിപ്പെടുന്ന കാഴ്ചക്കാണ്. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വായുവിൽ മലക്കം മറിഞ്ഞു അവൻ തിരിച്ചടിച്ച അഞ്ചാമത്തെ ഗോൾ കണ്ട് തീവ്ര ബ്രദേഴ്‌സ് ആരാധകർ വരെ എഴുനേറ്റ് നിന്ന് കയ്യടിച്ചു.
കരുത്തന്മാരായ ബ്രദേഴ്‌സിന്റെ പോസ്റ്റിൽ അഞ്ചു ഗോളുകൾ സമ്മാനിച്ച് മത്സരം സമനിലയിലേക്ക് കൊണ്ടെത്തിച്ച ആ മെലിഞ്ഞുണങ്ങിയ പയ്യന് നേരെ ഒരു ഐസ് നീട്ടി വർഗീസേട്ടൻ ചോദിച്ചു “എന്താടാ നിന്റെ പേര്?” വർഗീസേട്ടൻ നീട്ടിയ ആ ഐസ് വാങ്ങി രുചിച്ചു നോക്കണ്ട് അവൻ പറഞ്ഞു “എന്റെ പേര് വിജയൻ”… ഇന്ത്യൻ ഫുട്ബാളിന്റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഇതിഹാസ താരം, ഐഎം വിജയൻറെ ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു.