
‘ഈ നരകത്തില്‍ നിന്നും നിന്നെ ഞാൻ പുറത്തു കൊണ്ടുവരും’; ആസാദി സിനിമയുടെ ട്രെയിലര്‍ പുറത്ത്; ചിത്രം മെയ് 9ന് തീയറ്ററിലെത്തും
കൊച്ചി: ഏറെ ആകാംഷയുയർത്തുന്ന ആസാദിയുടെ ട്രെയിലർ റിലീസ് ആയിരിക്കുന്നു.
ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മെയ് 9ന് തീയറ്ററിലെത്തും.
രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവൻ എന്ന അതിശക്തമായ അച്ഛൻ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റേയും മറ്റ് വമ്പൻമാരുടേയും പ്രതിരോധം തകർത്ത് കൊലപാതക കേസില്‍ ശിക്ഷയനുഭവിക്കുന്ന ഭാര്യയെ ആശുപത്രിയില്‍ നിന്നും കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന നായകൻ. തൊണ്ണൂറുശതമാനവും നടക്കാൻ സാധ്യതയില്ലാത്ത ഈ പദ്ധതിയാണ് രഘുവും സംഘവും ഒരുക്കുന്നത്.
തന്റെ ഭാര്യയെ രക്ഷിക്കാൻ രഘുവെന്ന ചെറുപ്പക്കാരന് സാധിക്കുമോ? എന്നതാണ് ചിത്രം പറയുന്നത്.
സീറ്റ് എഡ്ജ് ത്രില്ലർ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിർമ്മിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോകുന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്.
സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകൻ, ബോബൻ സാമുവല്‍ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.