
ക്രിമിനൽ കേസുകളിൽപ്പെട്ടവരെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കാനെത്തുന്നവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തും, പ്രതികളുമായി നേരിട്ട് ബന്ധമോ പരിചയമോ ഇല്ലാത്ത ഇത്തരക്കാർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്
കോട്ടയം: ക്രിമിനൽ കേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ ജാമ്യത്തിലിറക്കാനെത്തുന്നവരിൽ പ്രതികളുമായി നേരിട്ട് ബന്ധമോ, പരിചയമോ ഇല്ലാത്തവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്. അത്തരക്കാർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിൻ്റെ പേരിൽ മുമ്പുണ്ടായിരുന്ന കേസിൽ ജാമ്യം നിന്ന് ഇയാളെ ജയിലിൽനിന്ന് പുറത്തിറക്കിയത് ഒരു പരിചയവുമില്ലാത്ത രണ്ട് സ്ത്രീകളാണ്. അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതികളെ ആരാണ് ജാമ്യത്തിലെടുക്കുന്നതെന്ന് കൃത്യമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റുമാനൂർ, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകളാണ് അമിത്തിനെ ജാമ്യത്തിലിറക്കിയത്. ഇരുവർക്കും അമിത്തുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തിരുവാതുക്കൽ കേസിൽ ഡിവിആർ നിർണായക തെളിവാകും. ഡിവിആർ കോടതിക്ക് കൈമാറും. തുടർന്ന് കോടതിയുടെ അനുമതിയോടെ ഫൊറൻസിക് പരിശോധനയ്ക്കയക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർണായകതെളിവുകൾ ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. ഇത് തലനാരിഴകീറി പരിശോധിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം. ആദ്യസംഘം പെരുമ്പാവൂർക്ക് പോയി. പിന്നാലെതന്നെ അടുത്തസംഘവും പുറപ്പെട്ടു. അവിടെനിന്ന് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. വീട്ടിൽനിന്ന് ഫോണല്ലാതെ മറ്റൊന്നും മോഷണം പോയിട്ടുമില്ല.
ഈ സംഭവത്തെത്തുടർന്ന് ഇതര സംസ്ഥാനക്കാരെ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും തൊഴിൽ നൽകുന്നവരുംകൂടി ഇത്തരത്തിൽ ശ്രദ്ധ പുലർത്തണമെന്നും എസ്.പി. പറഞ്ഞു.
അമിത്ത് ഉറാങ്ങിനെ (24) അന്വേഷണസംഘം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. ഇയാളെ മേയ് എട്ടാംതിയതിവരെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാൻഡുചെയ്തു. ഇയാളെ ജൂഡീഷ്യൽ കസ്റ്റഡിയിൽ കോട്ടയം ജില്ലാ ജയിലിലേയ്ക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വൻ സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കൃത്യംനടത്താനെത്തിയ പ്രതി അമിത്ത് മുറിയെടുത്ത് താമസിച്ചിരുന്ന കോട്ടയം റെയിൽവേ സ്റ്റേഷനുസമീപത്തെ ലോഡ്ജിൽ രാവിലെ എത്തിച്ച് തെളിവെടുത്തു. പ്രാഥമികഘട്ട പരിശോധനകളെല്ലാം ഉച്ചയോടെ അന്വേഷണസംഘം പൂർത്തിയാക്കിയിരുന്നു. പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും പരിശോധനയും നടത്തും.
ഇതിനായി വെള്ളിയാഴ്ച പോലീസ് കോടതിയിൽ അപേക്ഷ നൽകും. തിങ്കളാഴ്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊലനടത്തിയശേഷം രക്ഷപ്പെട്ട ബസ്റ്റാൻഡിലും, ഒളിവിൽകഴിഞ്ഞ തൃശ്ശൂർ മാളയിലെ കോഴിഫാമിലുമെത്തിച്ച് തെളിവെടുക്കും. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഇൻസ്പെക്ടർമാരായ കെ.ആർ. പ്രശാന്ത്കുമാർ, യു. ശ്രീജിത്ത്, ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ.