ഉപതിരഞ്ഞെടുപ്പിലും ശബരിമലയെ മുഖ്യവിഷയമാക്കും:കെ.സുധാകരൻ
സ്വന്തംലേഖകൻ
തിരുവനന്തപുരം: ആറുമാസത്തിനകം കേരളത്തിൽ ആറു നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല വിഷയം ഉയർത്തിക്കൊണ്ടു വരുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും നിയുക്ത എം.പിയുമായ കെ.സുധാകരൻ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശബരിമലയെ സുവർണാവസരമായി കണ്ട് പ്രചരണം നടത്തിയിട്ടും ഒരു സീറ്റ് പോലും ലഭിക്കാത്തതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ അടവ് മാറ്റാനൊരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കില്ലെന്ന് ഇതിനോടകം ബി.ജെ.പിയുടെ ജില്ലാ ഘടകം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയ്ക്ക് പകരമായി വികസനം മുൻനിർത്തിയുള്ള പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കിയിട്ടും വൻ തിരിച്ചടി നേരിട്ടതാണ് ഇതിന് കാരണം. ഉപതിരഞ്ഞെടുപ്പിൽ വികസനം പ്രചാരണവിഷയമാക്കുന്നതാണ് വിജയ സാധ്യത കൂട്ടുന്നതെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ പറഞ്ഞു.ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശബരിമല യുവതീ പ്രവേശന വിഷയം കൈകാര്യം ചെയ്ത ഇടത് സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. എന്നാൽ ഫലത്തിൽ ഈ പ്രചാരണം കൊണ്ട് സി.പി.എമ്മിന് തളർച്ചയുണ്ടായെങ്കിലും ഇരുപതിൽ പത്തൊൻപത് സീറ്റും നേടിയ യു.ഡി.എഫിനാണ് പ്രയോജനമുണ്ടായത്. തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ട് പിന്നാലെ ബി.ജെ.പിയുടെ അദ്ധ്വാനത്തിന്റെ ഫലം വെറുതെ നോക്കി നിന്ന യു.ഡി.എഫ് കൊണ്ട് പോയി എന്ന തരത്തിൽ ബി.ജെ.പി മുതിർന്ന നേതാവ് ഒ.രാജഗോപാലടക്കം അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കിയപ്പോൾ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുവെന്നും അതിനാലാണ് പ്രചരണ തന്ത്രം മാറ്റാൻ ബി.ജെ.പി. ഉദ്ദേശിക്കുന്നതെന്നുമാണ് സൂചനകൾ.
എന്നാൽ വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല മുഖ്യവിഷയമാക്കി പ്രചാരണം നടത്തുമെന്ന് കെ.സുധാകരൻ പറഞ്ഞു. ശബരിമല വിഷയം കൈവിട്ട് വികസനം ഉയർത്തിപ്പിടിച്ചാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുകയെന്ന ബി.ജെ.പിയുടെ വാദം പൊള്ളയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതു വിഷയം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ പോലും ബി.ജെ.പിയിൽ അനിശ്ചിതത്വമാണ്. എന്നാൽ ശബരിമല വിഷയത്തിൽ അക്രമത്തിന്റെ പാത ഒരിക്കലും കോൺഗ്രസ് സ്വീകരിക്കില്ല. ഈ വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും കാണിച്ചത് ഇരട്ടത്താപ്പാണെന്നും സുധാകരൻ ആരോപിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ തുടക്കം മുതൽ ആചാരങ്ങളെ ലംഘിക്കരുതെന്ന നിലപാടാണ് കെ.സുധാകരൻ സ്വീകരിച്ചിരുന്നത്. ഈ വിഷയത്തിൽ പ്രത്യക്ഷ സമരത്തിലടക്കം പങ്കെടുക്കുവാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ വിജയത്തിന് പിന്നിലും ശബരിമല വികാരം തുണയ്ക്കെത്തി എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.