
ദീർഘകാലത്തെ അബുദാബി ജീവിതം അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കാനായി നാട്ടിലെത്തി; ദുബായിൽ ജോലിചെയ്തിരുന്ന മകൾ നാട്ടിലെത്തിയതോടെ കുടുംബത്തോടൊപ്പം വിനോദയാത്ര കശ്മീരിലേക്ക്; പഹൽഗാം ഭീകരാക്രമണത്തിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ വെടിയേറ്റ് കൊല്ലപ്പെട്ടത് മകളുടെ മുന്നിൽവച്ച്; കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജഡ്ജിമാരും കുടുംബവും പഹൽഗാമിൽ നിന്ന് മടങ്ങിയത് ആക്രമണത്തിന് തൊട്ടുമുമ്പ്
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് (65) വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ കശ്മീരിലെ പഹൽഗാമിലെത്തിയത്. കുടുംബത്തോടൊപ്പം കശ്മീരിലേക്ക് വിനോദയാത്രപോയ രാമചന്ദ്രൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.
രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രൻ, മകൾ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികൾ (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണ്. രാമചന്ദ്രൻ ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു.
എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് മങ്ങാട്ട് റോഡ് നീരാഞ്ജനത്തിൽ എൻ രാമചന്ദ്രൻ താമസിച്ചിരുന്നത്. ദുബായിൽ ജോലിചെയ്തിരുന്ന മകൾ നാട്ടിലെത്തിയത് കഴിഞ്ഞദിവസമാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം അറിയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൾ അമ്മുവാണ് നാട്ടിലേക്ക് വിളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീർഘകാലം വിദേശത്തായിരുന്ന രാമചന്ദ്രൻ, ജോലി മതിയാക്കി നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. പൊതുപ്രവർത്തനത്തിലും സജീവമായിരുന്നു. വിവരമറിഞ്ഞ് ചൊവ്വാഴ്ച രാത്രിതന്നെ ബന്ധുക്കളും അയൽവാസികളും നാട്ടുകാരും ഇടപ്പള്ളിയിലെ വീട്ടിലേക്കെത്തി. മകൻ അരവിന്ദ് ബംഗളൂരുവിലാണ്.
കൊച്ചിയിൽ ജോലിചെയ്യുന്ന നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളും (26) ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ 16നായിരുന്നു. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു മധുവിധു ആഘോഷിക്കാനായാണ് വിനയും ഭാര്യ ഹിമാൻഷിയും കശ്മീരിലെത്തിയത്.
കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്മിമാരും കശ്മീരിലുണ്ടായിരുന്നു അക്രമണത്തിനു തൊട്ടുമുൻപാണ് ഇവർ കുടുംബസമേതം പഹൽഗാമിൽ നിന്നു പോയത്. അവധിക്കാലം ചെലവഴിക്കാനായി ഈ മാസം 17നാണ് ജഡ്ജിമാരും കുടുംബാംഗങ്ങളും കശ്മീരിൽ എത്തിയത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ, ജീ ഗിരീഷും അവരുടെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
മരിച്ചവരുടെ വിവരങ്ങൾ മഞ്ജുനാഥ്, ശുഭം ദ്വിവേദി, ദിലീപ് ജയറാം ഡിസാലെ, സുന്ദീപ് നെയ്യാനെ ബിദൻ അദ്കേരി, ഉദ്വനി രദീപ് കുമാർ, അതുൽ ശ്രീകാന്ത്, സഞ്ജയ് ലഖാൻ ലെലെ, സയദ് ഹുസൈൻ ഷാ, ഹിമത് ഭായ് കലതിയാ, പ്രശാന്ത് കുമാർ ബാലേശ്വർ, മനീഷ് രഞ്ജൻ, ഷാലീന്ദർ കൽപിയ, ശിവം മൊഗ എന്നിവരാണ്. മരിച്ച മറ്റുള്ളവർ ഇതിൽ സുന്ദീപ് നെയ്യാനെ നേപ്പാൾ പൗരനും ഉദ്വനി രദീപ് കുമാർ യുഎഇ പൗരനുമാണ്. ഏഴംഗ സംഘമാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് വിവരം.