
നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തേക്കാൾ വലിയ കീറാമുട്ടിയായി പി.വി. അൻവറിൻ്റെ മുന്നണിപ്രവേശനം മാറുന്നു; അൻവറുമായി ഇന്ന് നടത്താനിരുന്ന കോൺഗ്രസ് നേതാക്കളുടെ ചർച്ച മാറ്റിവെച്ചു
മലപ്പുറം: യുഡിഎഫിനു മുന്നിൽ നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തേക്കാൾ വലിയ കീറാമുട്ടിയായി പി.വി. അൻവറിൻ്റെ മുന്നണിപ്രവേശനം മാറുന്നു. ഇന്ന് അൻവറുമായി നിശ്ചയിച്ച കോൺഗ്രസ് നേതാക്കളുടെ ചർച്ച തീരുമാനമെടുക്കുന്നതിലുള്ള അനിശ്ചിതത്വംമൂലം മാറ്റിവെച്ചു.
തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് അൻവർ കോൺഗ്രസിൽ ലയിക്കണമെന്നാണ് നേതാക്കൾ വെച്ച ഉപാധി. അതിന് സമ്മതമല്ലെങ്കിൽ, ഒരു കേരള പാർട്ടിയുണ്ടാക്കി മുന്നണിയുടെ ഭാഗമാകുന്നതിലും കോൺഗ്രസിന് എതിർപ്പില്ല. എന്നാൽ, തൃണമൂൽ വിട്ടുവരാൻ അൻവർ തയാറല്ല. തൃണമൂലിനെ ഘടകകക്ഷിയാക്കിയാൽ, അതിന്റെ പേരിൽ അൻവറും കൂട്ടരും വൻ വിലപേശൽ നടത്തുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്.
ഇത്തരമൊരു നീക്കം പാർട്ടിക്ക് വൻ ബാധ്യതയാകുമെന്ന് നേതാക്കൾ കരുതുന്നു. ഈ ആശങ്കയാണ് ഹൈകമാൻഡിന്റെ എതിർപ്പ് എന്ന നിലക്ക് പുറത്തുവരുന്നത്. വിഷയത്തിൽ എഐസിസി ജന. സെക്രട്ടറി കെ സി വേണു ഗോപാലിന്റെ നിലപാട് നിർണായകമാവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുമുമ്പ് മുന്നണിപ്രവേശനമെന്ന നിലപാടിൽ അൻവർ ഉറച്ചുനിൽക്കുകയാണ്. അനുരഞ്ജനസാധ്യത തെളിയാത്ത സാഹചര്യത്തിലാണ് ചർച്ച മാറ്റിവെക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. തൃണമൂലുമായി സഹകരണമെന്ന ലൈൻ കോൺഗ്രസ് മുന്നോട്ടുവെച്ചെങ്കിലും അൻവറിന് സ്വീകാര്യമായിട്ടില്ല. പ്രാദേശികമായി തൃണമൂലിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിർപ്പില്ലെന്നാണ് സൂചന.
അൻവർ യുഡിഎഫിൽ അനിയന്ത്രിത വിലപേശൽ നടത്തുമോയെന്ന സംസ്ഥാന നേതാക്കളുടെ ഭയമാണ് ചർച്ച അനിശ്ചിതത്വത്തിലാകാൻ കാരണം. ഘടകകക്ഷിയായി വരുന്ന അൻവർ പ്രതിസന്ധി സൃഷ്‌ടിക്കുമോയെന്ന ആശങ്ക ലീഗിനുമുണ്ട്. അൻവറുമായുള്ള പ്രശ്‌നം തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതിലേക്ക് വളരാനുള്ള സാധ്യതയും യുഡിഎഫ് നേതൃത്വത്തെ അലട്ടുന്നു.