
ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവ് നിവര്‍ത്തല്‍ നടപടികള്‍ ഇനി വേഗത്തിൽ; കുറുപ്പന്തറ ജംഗ്ഷന് വികസനവും പ്രാബല്യത്തിലാകും
കടുത്തുരുത്തി: കടുത്തുരുത്തി മണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ സ്ഥലങ്ങള്‍ ചേര്‍ത്ത് ഏറ്റുമാനൂര്‍ – എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആദ്യഘട്ടത്തില്‍ റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വിട്ടുപോയ സര്‍വേ നമ്ബരുകള്കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭേദഗതി ഉത്തരവ് റവന്യു (ബി) വകുപ്പ് പുറപ്പെടുവിച്ചു. ഇക്കാര്യമറിയിച്ചത് മോന്‍സ് ജോസഫ് എംഎല്‍എയാണ്.
സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവ് പ്രകാരം കോട്ടയം ജില്ലയിലെ കാണക്കാരി, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റുമാനൂര്‍ – എറണാകുളം റോഡിലെ അപകടസാധ്യതയുള്ള വളവുകള്‍ നിവരത്തുന്നതിനായി ഏറ്റെടുക്കാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ വേഗത്തിൽ ആക്കുകയും കുറുപ്പന്തറ ജംഗ്ഷന് വികസനം നടപ്പിലാക്കുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും റവന്യു വകുപ്പും സംയുക്ത പരിശോധന നടത്തി ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് കടക്കും.
സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു പുറപ്പെടുവിച്ച ഉത്തരവില്‍ കുറുപ്പന്തറ ജംഗ്ഷന് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നമ്പറുകളും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ റവന്യു (ബി) വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബന്ധപ്പെട്ട മുഴുവന്‍ സ്ഥലങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് ഏറ്റെടുക്കാനുള്ള നടപടികള്‍ ഉടനെ ആരംഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അന്തിമനടപടികള് തീരുമാനിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
