
സ്വന്തംലേഖിക
കൊച്ചി: നഗരത്തിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻതീപിടുത്തം. രാവിലെ പത്ത് മണിയോടെ ആണ് മാർക്കറ്റ് റോഡിലെ ക്ലോത്ത് ബസാറിലെ ഭദ്ര ടെക്സ്റ്റൈൽസ്, കെസി ടെയ്ലേഴ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമായി അഗ്നിബാധയാരംഭിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട് വൈകാതെ തന്നെ ഭദ്ര ടെക്സ്റ്റൈൽസ് എന്ന മൂന്ന് നില കെട്ടിട്ടം തീയിൽ അമർന്നു.സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. കടകളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുകൾ ഇവർ ചേർന്ന് പുറത്തേക്ക് മാറ്റി. അഗ്നിബാധയിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഭദ്രടെക്സറ്റൈൽസ് സ്ഥിതി ചെയ്യുന്ന കെട്ടിട്ടം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് പ്രദേശത്തെ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. മൊത്തക്കച്ചവടത്തിനായി വൻതോതിൽ തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ വളരെ വേഗതയിലാണ് ഇവിടെ തീപടർന്നത്. കട പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിട്ടം പൂർണമായും കത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ, മേയർ സൗമിനി ജെയിൻ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അഗ്നിരക്ഷാസേനയുടെ പന്ത്രണ്ടോളം യൂണിറ്റുകൾ സ്ഥലത്ത് എത്തി അഗ്നിബാധ തടയാൻ ശ്രമിക്കുന്നുണ്ട്. ആവശ്യമെങ്കിൽ വിമാനത്താവളം, ഷിപ്പ് യാർഡ്, എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിക്കും. ബ്രോഡ് വേയിലൂടെ ചെറിയ റോഡിലൂടെ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ എത്തിക്കുന്നതിന് കാര്യമായ തടസ്സം നേരിടുന്നുണ്ട്. ഭ?ദ്ര ടെക്സ്റ്റൈൽസിന് പിന്നിലൂടെ കൂടുതൽ കടകളിലേക്ക് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചുറ്റുവട്ടത്തുള്ള എല്ലാ കടകളിലും അ?ഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചുവെന്നാണ് വിവരം. ബ്രോഡ് വേയിലെ നല്ലൊരു ഭാഗം കടകൾക്കും വളരെ പഴക്കമുള്ളതിനാൽ അഗ്നിബാധ പടരാനും കെട്ടിട്ടങ്ങൾ തകരാനും സാധ്യത കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. കൊച്ചി നഗരത്തിന്റെ ഏത് ഭാഗത്ത് നിന്നും നോക്കിയാലും ബ്രോഡ് വേയിൽ നിന്നുള്ള പുക കാണുന്ന വിധം ശക്തമായ അഗ്നിബാധയാണ് ബ്രോഡ് വേയിൽ ഉണ്ടായിരിക്കുന്നത്. അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കുന്നതിനാലും ഇന്ന് തിങ്കളാഴ്ച ആയതിനാലും നല്ല തിരക്കാണ് ബ്രോഡ് വേയിൽ അനുഭപ്പെട്ടിരുന്നത്. അഗ്നി ബാധയുണ്ടയതോടെ ബ്രോഡ് വേയിലുണ്ടായിരുന്ന പൊതുജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. മേനകാ ജംഗക്ഷനിലടക്കം ബ്രോഡ് വേയുടെ പരിസര പ്രദേശങ്ങളിലും കൊച്ചി നഗരത്തിലും ഇപ്പോൾ കനത്ത ട്രാഫിക്ക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്.






