
കാട്ടായിക്കോണത്ത് യുവാക്കൾക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; പ്രധാന പ്രതികൾ പ്രായപൂർത്തിയാകാത്തവരെന്ന് പോലീസ്; ആക്രമണത്തിന് കാരണം കഞ്ചാവ് വില്പന പോലീസിൽ അറിയിച്ച വൈരാഗ്യം; വധശ്രമത്തിന് കേസെടുത്ത് പോത്തൻകോട് പോലീസ്
തിരുവനന്തപുരം: കാട്ടായിക്കോണത്ത് ലഹരി സംഘം യുവാക്കളെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികൾ പ്രായപൂർത്തിയാകാത്തവരെന്ന് പൊലീസ്. കഞ്ചാവ് വില്പന പൊലീസിലറിയിച്ച വൈരാഗ്യത്തിൽ കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് സംഘം വെട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്. എട്ടോളം പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തു.
വാളുകൊണ്ടുള്ള വെട്ടിൽ രതീഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെട്ട് തടഞ്ഞപ്പോൾ കയ്യിലും പരിക്കേറ്റു. ആക്രമണം തടയാൻ ചെന്ന അനുജൻ രജനീഷിനെയും പ്രതികൾ മൺവെട്ടിയും കല്ലുകൊണ്ടും ആക്രമിച്ചു. പരിക്കേറ്റ ഇവരെ കന്യാകുളങ്ങര ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. എന്നാൽ സംഘം മെഡിക്കൽ കോളേജിൽ എത്തി പരിക്കേറ്റവരുടെ മുന്നിൽ വെച്ച് നൃത്തം ചെയ്തു ബഹളം ഉണ്ടാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
മെഡിക്കൽ കോളേജ് പൊലീസ് പോത്തൻകോട് സ്റ്റേഷനിൽ വിവരം അറിയിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. പൊലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുവെന്നും ഉയരുന്ന ആരോപണമുണ്ട്. പ്രതികൾക്കായി അന്വേഷണം നടത്തിയപ്പോഴാണ് ഇവർ 17 വയസുകാരാണെന്ന് മനസിലായതെന്നും ഒളിവിലുള്ള ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
