
തൃശൂർ പൂരം വെടിക്കെട്ട്: അനിശ്ചിതത്വം നീങ്ങുന്നു; വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; കളക്ടർ അനുമതി നൽകുക കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗ നിർദേശങ്ങൾ പാലിച്ച്
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാകും കളക്ടർ അനുമതി നൽകുക.
കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തേക്കിൻകാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ അകലം പാലിക്കേണ്ടി വരില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലം കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികൾ ആണ് പൊട്ടിച്ചത്.