
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ; ജൂണ്‍ പകുതി വരെ നിയന്ത്രണം തുടരുമെന്നാണ് അനൗദ്യോഗിക വിവരം
റിയാദ്: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ.
തല്‍ക്കാലത്തേക്കാണ് നടപടി. ഈ രാജ്യങ്ങളിലേക്ക് നിശ്ചിത കാലത്തേക്ക് വിസ അനുവദിക്കില്ല. ജൂണ്‍ പകുതി വരെ നിയന്ത്രണം തുടരുമെന്നാണ് അനൗദ്യോഗിക വിവരം. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം നിരോധന പട്ടികയിലുണ്ട്.
ബിസിനസ് വിസ, കുടുംബ സന്ദര്‍ശന വിസ എന്നിവയെല്ലാം സൗദി അറേബ്യ നിര്‍ത്തിവച്ചിരിക്കുകയാണ് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉംറ തീര്‍ഥാടനത്തിന് ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും സൗദിയില്‍ എത്താറുള്ളത്. ഉംറ വിസയും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ അറിയാം…
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദി അറേബ്യ 14 രാജ്യങ്ങൡ നിന്നുള്ളവര്‍ക്ക് വിസ നിരോധനം പ്രഖ്യാപിച്ചത്. മറ്റു വിസകളില്‍ എത്തി ഹജ്ജിന് ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഹജ്ജിന് 20 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കാറുണ്ട്. ഇതിന് പുറമെ അനധികൃതമായി ഹജ്ജിന് ആളുകള്‍ എത്തിയാല്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് നടപടികള്‍.
ഉംറ വിസയ്ക്കും വിസിറ്റ് വിസയ്ക്കും സൗദിയില്‍ എത്തിയ ശേഷം മടങ്ങാതെ സൗദിയില്‍ തന്നെ തുടരുകയും ഹജ്ജ് വേളയില്‍ കര്‍മങ്ങള്‍ക്കായി എത്തുകയും ചെയ്യുന്നത് മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതൊഴിവാക്കാനാണ് സര്‍ക്കാരിന്റെ നടപടി. ഹജ്ജിന്റെ മുന്നോടിയായി ഉംറ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പോകുകയാണ്. ഈ മാസം 28ന് മുമ്ബ് സൗദിയില്‍ നിന്ന് എല്ലാ വിദേശ ഉംറ തീര്‍ഥാടകരും പുറത്ത് പോകണം എന്നാണ് നിര്‍ദേശം.
വിസാ നിയന്ത്രണം ശക്തമായി നടപ്പാക്കാന്‍ സൗദി പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കി. ഹജ്ജ് വേളയില്‍ സൗദി അറേബ്യയുടെ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. എല്ലാ വകുപ്പുകളും ഹജ്ജ് സുഗമമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് ചെയ്യുക. ഹജ്ജ് സേവനങ്ങള്‍ക്ക് വേണ്ടി വിദേശ രാജ്യങ്ങളിലെ വളണ്ടിയര്‍മാരെയും സൗദി അറേബ്യ തേടാറുണ്ട്.
വിസിറ്റ് വിസകളും ഉംറ വിസകളും സൗദി അറേബ്യ ഏപ്രില്‍ 13 വരെ മാത്രമേ അനുവദിക്കു. അതിന് ശേഷമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നിരോധനം നിലവില്‍ വരിക. നിരോധനം ഏര്‍പ്പെടുത്തിയ 13 രാജ്യങ്ങളുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു രാജ്യം ഏതാണെന്ന് അവ്യക്തമാണ്. വൈകാതെ ഇതുസംബന്ധിച്ച വിവരങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അല്‍ജീരിയ, സുഡാന്‍, എത്യേപ്യ, ടുണീഷ്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കണ് വിസാ നിരോധനം. 2024ലെ ഹജ്ജ് സീസണില്‍ 1000ത്തിലധികം പേരാണ് മരിച്ചത്. അമിതമായ ചൂടും പരിധി വിട്ട് തീര്‍ഥാടകറെത്തിയതുമാണ് ഇതിന് കാരണമായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായി ഹജ്ജ് ചെയ്യുന്നവരെ തടയാനാണ് പുതിയ തീരുമാനം.