
ആരോഗ്യ സംരക്ഷണം, മുഖ സൗന്ദര്യം എന്നിവയ്ക്കുള്ള 41 പുതിയ ഉത്‌പന്നങ്ങളില്‍ മായം; സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
അബുദാബി: ശരീരഭാരം കുറയ്ക്കുന്നതിനും സൗന്ദര്യ വർദ്ധനവിനും ഉപയോഗിച്ചിരുന്ന 41 പുതിയ ഉത്‌പന്നങ്ങള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് അബുദാബി.
ഉത്‌പന്നങ്ങള്‍ മായം കലർന്നതാണെന്നും യുഎഇ വിപണിയില്‍ സുരക്ഷിതമല്ലെന്നും അബുദാബി ആരോഗ്യ വകുപ്പാണ് വ്യക്തമാക്കിയത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഈ ഉത്‌പന്നങ്ങള്‍ തയ്യാറാക്കിയതും സൂക്ഷിച്ചിരുന്നതും. ഇവ ഗുഡ് മാനുഫാക്‌ച്ചറിംഗ് പ്രാക്‌ടീസസ് (ജിഎംപി) മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. ചില ഉത്‌പന്നങ്ങളില്‍ യീസ്റ്റ്, പൂപ്പല്‍, ബാക്‌ടീരിയ, ഭാരമുള്ള ലോഹം എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ചിലതില്‍ അപ്രഖ്യാപിത ഫാർമസ്യൂട്ടിക്കല്‍ പദാർത്ഥങ്ങള്‍ ചേർത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോഡി ബില്‍ഡിംഗ്, ലൈംഗിക ഉത്തേജനം എന്നിവയ്ക്കുള്ള ഉത്‌പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബ്രോണ്‍സ് ടോണ്‍ ബ്ളാത്ത് സ്‌പോട്ട് കറക്‌ടർ, ബയോ ക്ളാരെ ലൈറ്റനിംഗ് ബോഡി ലോഷൻ, റൈനോ സൂപ്പർ ലോംഗ് ലാസ്റ്റിംഗ് 70000, ഗ്ളൂട്ടാ വൈറ്റ് ആന്റി ആക്‌നെ ക്രീം തുടങ്ങിയവ മായം കലർന്നിട്ടുള്ളതായി കണ്ടെത്തിയ ഉത്‌പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇത്തരം ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. വാണിജ്യ മേഖലയിലെ തട്ടിപ്പുകള്‍ ചെറുക്കുന്നതിനായി യുഎഇ പ്രത്യേക നിയമം അവതരിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 5,000 ദിർഹം മുതല്‍ 1,000,000 ദിർഹംവരെയാണ് പിഴ.
രണ്ടുവർഷംവരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 100,000 ദിർഹം മുതല്‍ 2,000,000 ദിർഹം വരെ തടവും പിഴയും ലഭിക്കും.