video
play-sharp-fill

ആനക്കൊമ്പ്  വീട്ടിൽ സൂക്ഷിച്ച കേസ്: നടൻ മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മകൾ

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസ്: നടൻ മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മകൾ

Spread the love

സ്വന്തംലേഖകൻ

കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മകൾ രശ്മി ഗൊഗോയി. 2012 ലാണ് മോഹൻലാലിന്റെ വീട്ടിൽനിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. മൂവാറ്റുപുഴ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.2012 ജൂൺ മാസത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിലെത്തി റെയ്ഡ് നടത്തിയത്. റെയ്ഡിൽ നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. ഇവ കെ കൃഷ്ണകുമാർ എന്ന വ്യക്തിയിൽ നിന്ന് 65,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു താരത്തിന്റെ വിശദീകരണം.എന്നാൽ മോഹൻലാലിന് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്തതിനാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ കൈവശം വച്ചതെന്ന് അന്വേഷണ ഉദ്യാഗസ്ഥർ കണ്ടെത്തിയിരുന്നു.മോഹൻലാലിനെതിരെ കോടനാട് ഫോറസ്റ്റ് അധികൃതർ ആദ്യം കേസെടുത്തെങ്കിലും പിന്നീട് അത് റദ്ദാക്കുകയും നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം അനുസരിച്ച് അനുമതി നൽകി.മോഹൻലാലിന്റെ കൈയ്യിലുള്ളത് യഥാർത്ഥ ആനക്കൊമ്പുകൾ ആണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നുവെന്ന് മലയാറ്റൂർ ഡിഎഫ്ഒയുടെ റിപ്പോർട്ടിൽ പറയുന്നു.