
സിമന്റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നില്‍ സിഐടിയു സമരം:കടയുടമ തൊഴില്‍ നിഷേധിക്കുന്നു എന്നാരോപിച്ചാണ് ഷെഡ് കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്
പാലക്കാട് :കുളപ്പുള്ളിയിലെ സിമന്റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നില്‍ സിഐടിയു സമരം.
കടയുടമ തൊഴില്‍ നിഷേധിക്കുന്നു എന്നാരോപിച്ചാണ് സിഐടിയു ഷെഡ് കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.
മൂന്നു മാസം മുൻപാണ് ഷൊർണൂർ കൊളപ്പുള്ളിയിലെ പ്രകാശ് സ്റ്റീല്‍സ് ഉടമ ജയപ്രകാശ് സ്ഥാപനത്തില്‍, ലോറിയില്‍ നിന്നും സിമന്റ് ചാക്കുകള്‍ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. അഞ്ചു പേരുണ്ടെങ്കില്‍ യന്ത്രം പ്രവർത്തിപ്പിക്കാനും, സിമന്റ് ഇറക്കിവെയ്ക്കുന്നതിനും കഴിയും.
ഇതോടെ തൊഴില്‍ നഷ്ടമായി എന്നാരോപിച്ച് സിഐടിയു രംഗത്തെത്തി. കടയുടമ ഹൈക്കോടതിയെ സമീപിച്ച് സ്വന്തം തൊഴിലാളികളെ വെക്കാൻ അനുകൂല ഉത്തരവ് നേടിയെങ്കിലും സിഐടിയു എതിർപ്പുയർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യന്ത്രം സ്ഥാപിച്ചതിനല്ല എതിർപ്പെന്ന് സിഐടിയുപറയുന്നു. യന്ത്രത്തിലേക്ക് സിമന്റ് ചാക്ക് ഇറക്കുകയും, കയറ്റുകയും ചെയ്യുന്ന ജോലിക്ക് മറ്റാരെയും ചുമതലപ്പെടുത്താൻ പാടില്ലെന്നും തൊഴില്‍ നിഷേധമാണ് ഉണ്ടായിട്ടുള്ളതെന്നും പറഞ്ഞ് സമരക്കാർ കടയ്ക്ക് മുന്നില്‍ ഷെഡ് കെട്ടി സമരം തുടങ്ങി.
തൊഴില്‍ തിരിച്ചു ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് സിഐടിയു വ്യക്തമാക്കിയത്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച യന്ത്രം ഉപയോഗിച്ച് കയറ്റിറക്ക് നടത്താൻ കഴിഞ്ഞില്ലെങ്കില്‍ വലിയ ബാധ്യതയുണ്ടാകുമെന്ന് കടയുടമയും വ്യക്തമാക്കി.