video
play-sharp-fill

സംസ്ഥാന സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല;  ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു; ആദ്യഘട്ടത്തിൽ മൂന്നുപേർ; ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല, ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്, അത് കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും ആശമാർ

സംസ്ഥാന സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു; ആദ്യഘട്ടത്തിൽ മൂന്നുപേർ; ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല, ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്, അത് കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും ആശമാർ

Spread the love

തിരുവനന്തപുരം: 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മൂന്നുപേരാണ് നിരാഹാരമിരിക്കുന്നത്.

ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. സമരം നടക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച ലക്ഷ്യമിട്ട് ഡൽഹിയിലേക്ക് പോയതിനെ ആശ പ്രവർത്തകർ വിമർശിച്ചു.

കഴിഞ്ഞ ദിവസം ചർച്ചക്ക് ക്ഷണിച്ചത് പ്രഹസനം മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു. ഓണറേറിയം 21,000 രൂപ ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവർ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഓണറേറിയം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ല. ഇൻസെന്റിവ്‌ കൂട്ടാൻ ആണ് മന്ത്രി പോയത് എങ്കിൽ നല്ലത്. സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.

ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വർക്കർമാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ഡൽഹിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ ആശ വർക്കർമാർക്ക് തരാനാണെങ്കിൽ നല്ലത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കേണ്ട” -സമരക്കാർ പറഞ്ഞു.

അതേസമയം, ആശാപ്രവർത്തകരുടെ സ്കീം കേന്ദ്രസർക്കാരിന്റെ കീഴിലാണെന്നും നിർണായക തീരുമാനമെടുക്കേണ്ടതു കേന്ദ്രസർക്കാരാണെന്നും വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്തിനു പറയാനുള്ളതു കൃത്യമായി അറിയിക്കുമെന്നും ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഡൽഹിയിലേക്ക് പോകുന്നതിനിടെ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന്റെ 38–ാം ദിവസമായ ബുധനാഴ്ച രാവിലെ ദേശീയ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയൽ ആശാവർക്കർമാരെ ചർച്ചക്ക് വിളിച്ചു.

ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നും ആശമാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം ആശമാർ ഉൾക്കൊള്ളണമെന്നാണ് ഡോ.വിനയ് ഗോയൽ മറുപടി നൽകിയത്. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു. പിന്നാലെ ആരോഗ്യമന്ത്രിയുമായും ആശമാർ ചർച്ച നടത്തി.

എന്നാൽ, ഓണറേറിയം വർധനയെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തികനില മെച്ചപ്പെടുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോൾ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമരം കടുപ്പിക്കാൻ ആശമാർ തീരുമാനിച്ചത്.