
കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കുത്തിവീഴ്‌ത്തിയ സംഭവം ; പ്രതി പോലീസിന്റെയും എക്‌സൈസിന്റെയും ഹിറ്റ്‌ലിസ്‌റ്റിൽ പ്രധാനി ; ചികിത്സയില്‍ കഴിയുന്ന സിവില്‍ പോലീസ് ഓഫീസറുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതര്‍
കോട്ടയം: എസ്.എച്ച്. മൗണ്ടില്‍ സിവില്‍ പോലീസ് ഓഫീസറെ കുത്തിവീഴ്‌ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെയും എക്‌സൈസിന്റെയും ഹിറ്റ്‌ലിസ്‌റ്റിലുള്ളയാള്‍.
ഞായറാഴ്‌ച അറസ്‌റ്റിലായ പുല്ലരിക്കുന്ന് പാലക്കുഴി അരുണ്‍ ബാബുവിനെതിരേ കാപ്പാ നിയമം ഉള്‍പ്പെടെ ചുമത്തിയിരുന്നു. കഞ്ചാവ്, അടിപിടി കേസുകളാണ് ഏറെയും. ഓട്ടോ ഡ്രൈവറെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ കേസ് ഈസ്‌റ്റ് സ്‌റ്റേഷനിലുണ്ട്.
പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയായ അരുണിനെ ഞായറാഴ്‌ച എസ്.എച്ച്. മൗണ്ടില്‍നിന്നു പിടികൂടാന്‍ ശ്രമിക്കവേ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപാലനെ കുത്തിവീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചിനു മള്ളൂശേരി കോയിത്തറ സോമാ ജോസി (65)നെയാണ് പ്രതി കെട്ടിയിട്ട് മൂന്നു പവന്‍ സ്വര്‍ണവും രണ്ടായിരത്തോളം രൂപയും കവര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പ്രതിയെ വീട്ടമ്മയെ കെട്ടിയിട്ട വീട്ടിലും പോലീസുകാരനെ കുത്തിയ സ്‌ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്തി. തനിക്ക് പണത്തിന് ആവശ്യം വന്നതിനാലാണ് കവര്‍ച്ച ചെയ്‌തതെന്നും നാട്ടുകാര്‍ കാണാതിരിക്കാനാണു മണിക്കൂറുകളോളം വീട്ടില്‍ ഇരുന്നതെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കി. വായില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണ് മാല ഊരി വാങ്ങിയത്.
മുഖത്ത് അടിയ്‌ക്കുകയും ചെയ്‌തിരുന്നു. മാലയും 1300 രൂപയും മാത്രമാണ് മോഷ്‌ടിച്ചെതെന്നുമാണ് ഇയാള്‍ തെളിവെടുപ്പ് വേളയില്‍ പോലീസിനോടു പറഞ്ഞത്. തെളിവെടുപ്പിനു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. എസ്.എച്ച്.ഒ. ശ്രീജിത്, എസ്.ഐ. എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ പോലീസ് ഓഫീസറുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.