video
play-sharp-fill

കൈക്കൂലി കേസ്: വിജിലൻസ് പിടികൂടിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ

കൈക്കൂലി കേസ്: വിജിലൻസ് പിടികൂടിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ

Spread the love

തിരുവനന്തപുരം: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടികൂടിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ. അതേസമയം, കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അലക്സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇയാളുടെ കൊച്ചിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധ രേഖകളും വിദേശമദ്യവും കണ്ടെത്തി. ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലും വിജിലൻസ് പരിശോധന നടത്തി. അലക്സ് മാത്യു ഡെപ്യൂട്ടി ജനറൽ മാനേജറായി ചുമതലയേറ്റെടുത്തത് മുതൽ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കൂടുതൽ പരാതികളുണ്ടോയെന്ന് അന്വേഷിക്കാനാണ് വിജിലൻസ് തീരുമാനം. ശനിയാഴ്ച രാത്രി 7.30ഓടെ കുറവൻകോണത്തെ പരാതിക്കാരന്‍റെ വീട്ടിൽവെച്ച്​ കൈക്കൂലി വാങ്ങു​മ്പോഴായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ്​ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അലക്സ് മാത്യുവിനെ അറസ്റ്റ്​ ചെയ്തത്​. ‘ഓപറേഷൻ സ്പോട്ട് ട്രാപ്പി’ന്റെ ഭാഗമായാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻ​കോണം പണ്ഡിറ്റ് കോളനിയിൽ താമസക്കാരനുമാണ്​ പരാതിക്കാരൻ. ഇയാളുടെ ഭാര്യയുടെ പേരിൽ കൊല്ലം കടയ്ക്കലിൽ ഐ.ഒ.സിയുടെ ഗ്യാസ് ഏജൻസി പ്രവർത്തിക്കുന്നുണ്ട്​. ഈ ഭാഗത്ത്​ മറ്റ് മൂന്ന് ഏജൻസികൾ കൂടി ഐ.ഒ.സിക്കുണ്ട്. രണ്ട് മാസം മുമ്പ്​ അലക്സ് മാത്യു പരാതിക്കാരനെ ഫോണിൽ വിളിച്ച്​ കൊച്ചിയിലെ തന്‍റെ വീട്ടിൽ വന്ന്​ കാണാൻ ആവശ്യ​പ്പെട്ടു.

ഇതുപ്രകാരം കൊച്ചിയിലെത്തിയ പരാതിക്കാര​നോട്​ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന്​ ഉപഭോക്​താക്കളെ അടുത്തുള്ള മറ്റ്​ ഏജൻസികളിലേക്ക്​ മാറ്റാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പരാതിക്കാരൻ തുക നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ്​ മടങ്ങി. ഇതിന്​ പിന്നാലെ പരാതിക്കാരന്റെ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന്​ 1200ഓളം കണക്ഷൻ അലക്സ് മാത്യു മാറ്റി അടുത്തുള്ള ഏജൻസിക്ക് നൽകി.

തുടർന്ന് മാർച്ച്​ 15ന്​ രാവിലെ അലക്സ് മാത്യു പരാതിക്കാരന്റെ ഫോണിൽ വിളിച്ച്​ താൻ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പറഞ്ഞ തുക അവിടെവെച്ച്​ നൽകി​യില്ലെങ്കിൽ കൂടുതൽ ഉപഭോക്​താക്കളെ മറ്റ്​ ഏജൻസികളിലേക്ക്​ മാറ്റുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരൻ വിവരം പൂജപ്പുരയിലെ വിജിലൻസ്​ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1 പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.