
കുഞ്ഞിന് മരുന്ന് മാറി നല്‍കിയ സംഭവം; മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു
എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോർ താത്ക്കാലികമായി പൂട്ടിച്ച് പൊലീസ്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പൊലീസിന്റെ നടപടി.
പനിയുമായി ബന്ധപ്പെട്ട് കുറിച്ച കാല്‍പോള്‍ സിറപ്പിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്നു നല്‍കിയത് കാല്‍പോള്‍ ഡ്രോപ്സ് ആയിരുന്നു. ഇത് ഉപയോഗിച്ച കുഞ്ഞിന്റെ കരള്‍ ഗുരുതരാവസ്ഥയിലായി. കുട്ടി നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കണ്ണൂർ പഴയങ്ങാടി വെങ്ങരയിലെ ഇ പി സമീറിന്റെയും ഹഫ്സത്തിന്റെയും മകനായ മുഹമ്മദാണ് മരുന്നുമാറലിന് ഇരയായത്. കരള്‍ മാറ്റിവയ്ക്കേണ്ടിവരുന്നതടക്കമുള്ള ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ എട്ടിനാണ് പനിയെ തുടർന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ചത്. അഞ്ച് എം.എല്‍ കാല്‍പോള്‍ സിറപ്പ് രണ്ടുനേരം വച്ച് കൊടുക്കാനായിരുന്നു കുറിപ്പടി. പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍സില്‍ നിന്നു നല്‍കിയത് അതേ കമ്ബനിയുടെ ഡ്രോപ്സ് ആയിരുന്നു. അഞ്ച് എം.എല്‍ സിറപ്പിന് പകരം രക്ഷിതാക്കള്‍ കുട്ടിക്ക് അഞ്ച് എം.എല്‍ ഡ്രോപ്സ് നല്‍കിയതോടെ നാലു ദിവസത്തേക്ക് എഴുതിയ മരുന്ന് രണ്ടു നേരം കൊണ്ട് തീർന്നു. ഇതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. അടുത്ത ദിവസം ഡോക്ടറെ വീണ്ടും സമീപിച്ചപ്പോഴാണ് സിറപ്പിനു പകരം ഡ്രോപ്സാണ് മെഡിക്കല്‍ സ്റ്റോറില്‍ നിന്നു നല്‍കിയതെന്ന് വ്യക്തമായത്.