
പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി എംഎസ്എഫ്
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ പ്രതിഷേധവുമായി എംഎസ്എഫ്. പ്രതികളായ വിദ്യാര്‍ത്ഥികളെ പാര്‍പ്പിച്ച വെള്ളിമാടുകുന്ന് കെയര്‍ ഹോമിന് മുമ്പിലാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമയെത്തിയത്.
വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ ഇന്ന് രാവിലെ കെഎസ് യു പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞയാഴ്ച താമരശ്ശേരി ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഷഹബാസിന്റെ മരണത്തിനിടയാക്കിയത്.
ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികളും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയ അഞ്ചുവിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡ് ചെയ്തു. മുഴുവന്‍പേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവര്‍ക്ക് സ്‌കൂളില്‍വെച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരുന്നു.
ജുവനൈല്‍ ഹോമിലെ ഒബ്‌സര്‍വേഷന്‍ മുറിയിലാണ് പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. നേരത്തെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് എച്ച്എസ്എസില്‍ ആണ് സൗകര്യമൊരുക്കിയിരുന്നതെങ്കിലും പ്രതിഷേധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പരീക്ഷ ജുവനൈല്‍ ഹോമില്‍ തന്നെ ആക്കുകയായിരുന്നു. ഇതിനെതിരെയാണ് എംഎസ്എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.