
ബാത്ത്റൂമിൽ നിന്ന് നിർത്താതെ ചൊറിയാൻ തുടങ്ങി; പിരീഡ് ആയതിന്റെ ചൊറിച്ചിലാണെന്ന് അവർ ടീച്ചറോട് പറഞ്ഞു; മണിക്കൂറുകളോളം വസ്ത്രമില്ലാതെ ചൊറിഞ്ഞുകൊണ്ട് ബാത്ത്റൂമിൽ നിന്നു; ഞാൻ കരഞ്ഞപ്പോൾ അവർ പുറത്തുനിന്ന് ചിരിക്കുകയായിരുന്നു; അടിവസ്ത്രം ധരിക്കാത്തതുകൊണ്ടാണ് ചൊറിയുന്നതെന്ന് പറഞ്ഞ് അവർ കളിയാക്കി; നായ്ക്കുരണ പൊടി പ്രയോഗത്തിന് ഇരയായ പെൺകുട്ടി
എറണാകുളം: നായ്ക്കുരണ പൊടി പ്രയോഗിച്ച സഹപാഠികളുടെ ക്രൂരതയ്ക്കിരയായ പത്താം ക്ലാസുകാരിയുടെ ദുരിതവാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും വിദ്യാർത്ഥിനിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് അറുതി വന്നിട്ടില്ല. സ്വകാര്യ ഭാഗങ്ങളിലടക്കം കടുത്ത ചൊറിച്ചിലും മൂത്രാശയ രോഗങ്ങളും പിടിപെട്ട വിദ്യാർത്ഥിനി ബോർഡ് പരീക്ഷ പോലും എഴുതാൻ കഴിയാതിരിക്കുന്ന അവസ്ഥയിലാണ്.
സംഭവദിവസം ചൊറിച്ചിൽ സഹിക്കാനാകാതെ കരഞ്ഞുനിന്നപ്പോൾ സഹപാഠികൾ പരിഹസിച്ച് ചിരിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. “ഐടി എക്സാമിന് ശേഷം ക്ലാസിൽ വന്ന് വിശ്രമിക്കുകയായിരുന്നു ഞാൻ. ബെഞ്ചിൽ കിടക്കുന്നതിനിടെ സഹപാഠി ബാഗിൽ നിന്ന് നായ്ക്കുരണം പുറത്തെടുത്തു. പുലർച്ചെ അഞ്ച് മണിക്ക് പറിച്ചതാണെന്നെല്ലാം വീമ്പുപറഞ്ഞ് മറ്റൊരു വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ഇട്ടു.
ആ വിദ്യാർത്ഥി തട്ടിക്കളഞ്ഞപ്പോൾ വീണതാകട്ടെ എന്റെ ദേഹത്ത്. അപ്പോഴേക്കും അതിന്റെ പൊടിയെല്ലാം ദേഹത്തായി. ചൊറിയാനും തുടങ്ങി. ഇതോടെ ബാത്ത്റൂമിലേക്ക് ഓടി. യൂണിഫോം അഴിച്ചതോടെ പൊടിയെല്ലാം മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചു. ബാത്ത്റൂമിൽ നിന്ന് നിർത്താതെ ചൊറിയാൻ തുടങ്ങി. സഹിക്കാൻ പറ്റുന്നില്ലെന്ന് നിലവിളിച്ച് പറഞ്ഞപ്പോൾ ബാത്ത്റൂമിന് പുറത്തുനിന്ന വിദ്യാർത്ഥികൾ നീ കുളിക്ക്, സോപ്പ് വാങ്ങിവരാം എന്ന് മറുപടി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ സോപ്പ് വാങ്ങി വന്നു, കുളിച്ചു. പക്ഷെ ചൊറിച്ചിൽ അപ്പോഴേക്കും ദേഹമാകെ അത് പടർന്നു.
സ്വകാര്യഭാഗത്തുൾപ്പടെ വല്ലാതെ ചൊറിയാൻ തുടങ്ങി. അപ്പോൾ അവർ ലാക്ടോ കലാമിൻ വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് പോയി. അവരെ ഹിന്ദി ടീച്ചർ കാണുകയും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു.
ലാക്ടോ കലാമിൻ എന്തിനാണ് വാങ്ങുന്നതെന്നും തിരക്കി.
നായ്ക്കുരണ വീണതാണെന്ന് അവർ പറഞ്ഞില്ല. എനിക്ക് പിരീഡ് ആയതിന്റെ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു. ടീച്ചർ എന്നെ തേടി ബാത്ത്റൂമിലെത്തി. വാതിൽ തുറക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ കാര്യമെല്ലാം വിശദീകരിച്ചു. പൊടി വീണതും, ചൊറിഞ്ഞതും വസ്ത്രമഴിച്ചതുമെല്ലാം പറഞ്ഞു. പുറത്തുനിൽക്കുന്നവരോട് ടീച്ചർ കാര്യം തിരക്കിയപ്പോൾ നായ്ക്കുരണ പൊടി വീണ കാര്യം അവർ സമ്മതിച്ചിരുന്നില്ല. എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
അവർ കള്ളം പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ടീച്ചർ എന്റെ അമ്മയെ വിളിച്ച് ഡ്രസ് കൊണ്ടുവരാൻ പറഞ്ഞു.
അതുവരെ മണിക്കൂറുകളോളം ഞാൻ വസ്ത്രമില്ലാതെ ചൊറിഞ്ഞുകൊണ്ട് ബാത്ത്റൂമിൽ നിന്നു. കുറേ കരഞ്ഞു. അപ്പോൾ സഹപാഠികൾ പുറത്തുനിന്ന് ചിരിക്കുകയായിരുന്നു. അടിവസ്ത്രം ധരിക്കാത്തതുകൊണ്ടാണ് അവിടെയൊക്കെ ചൊറിയുന്നതെന്ന് പറഞ്ഞ് അവർ കളിയാക്കി.
പിന്നീട് അമ്മ വന്നാണ് എന്നെ കാക്കനാട് പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. – പെൺകുട്ടി പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 3നായിരുന്നു സംഭവം നടന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ തേടിയെങ്കിലും ഇപ്പോഴും രോഗമുക്തി നേടാൻ പത്താം ക്ലാസുകാരിക്ക് കഴിഞ്ഞിട്ടില്ല. മോഡൽ എക്സാം എഴുതാനുമായില്ല.
ഫെബ്രുവരി 17ന് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രായപൂർത്തിയാകാത്ത സഹപാഠികൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.