
ഇരിഞ്ഞാലക്കുട ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടും; ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി; ഉടമകളുടെ ഓഡിയോ പുറത്ത്; സ്ഥാപനത്തിൻ്റെ ഉടമകളായ സഹോദരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്
തൃശൂർ : ഇരിഞ്ഞാലക്കുടയിലെ ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടും. ഉടമകൾ ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നു.
ഉടമയായ സുബിൻ, ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നത്. ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 150 കോടിയാണ് ഇരിങ്ങാലക്കുടയിൽ ധനകാര്യ സ്ഥാപനം വഴി സഹോദരങ്ങൾ തട്ടിയത്. സ്ഥാപനത്തിൻറെ ഉടമകളായ ബിബിൻ കെ ബാബുവിനും സഹോദരങ്ങൾക്കും എതിരെ പൊലീസ് കേസെടുത്തു.
പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 രൂപ മുതൽ 50,000 രൂപ വരെ വരുമാനം. 36% വരെ ലാഭം, അറിഞ്ഞവർ പണം നിക്ഷേപിച്ചു. ആദ്യം നിക്ഷേപിച്ചവർക്ക് ദീർഘകാലം പ്രതിമാസം പണം ലഭിച്ചതോടെ, കൂടുതൽ പേർ വൻ തുകയുമായെത്തി. ഒടുവിൽ കഴിഞ്ഞ എട്ടുമാസമായി മുതലുമില്ല പലിശയും ഇല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിക്ഷേപകർ പണം ആവശ്യപ്പെടുമ്പോഴെല്ലാം ഇന്ന്, നാളെ എന്ന് അവധി പറഞ്ഞ് ഒഴിവാക്കി. പലതവണ ഫോണിൽ ബന്ധപ്പെട്ടു, അങ്ങനെയിരിക്കെയാണ് ഉടമകൾ കുടുംബത്തോടെ വിദേശത്തേക്ക് കടന്നുവെന്നറിയുന്നത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
2019 ലാണ് ഇരിഞ്ഞാലക്കുട സ്വദേശി ബിബിൻ കെ ബാബു, സഹോദരങ്ങളായ സുബിൻ, ലിബിൻ എന്നിവർ ചേർന്ന് വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം ബില്യൺ ബീസ് എന്ന പേരിൽ ധനകാര്യസ്ഥാപനം തുടങ്ങുന്നത്. ശേഷം കാട്ടൂർ റോഡിൽ ബ്രാഞ്ച് തുടങ്ങി. ലാഭം എത്തിയതോടെ ദുബൈയിലും സ്ഥാപനം ആരംഭിച്ചു.
ബിബിന്റേത് ആഡംബര ജീവിതം ആയിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. ഇരിഞ്ഞാലക്കുട പാം സ്വയറിലെ ഓഫീസിനോട് ചേർന്ന് ബീസ് കഫേ എന്ന പേരിൽ കഫേയും തുടങ്ങിയിരുന്നു.
എല്ലാം അടച്ചുപൂട്ടി. ഉടമകൾ മുങ്ങി. ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിൽ ആണ് ഇരിങ്ങാലക്കുട പൊലീസ് ആദ്യം കേസെടുത്തത്. സർവീസിൽ നിന്ന് വിരമിച്ചവർ ആനുകൂല്യങ്ങൾ ആയി ലഭിച്ച തുക വരെ നിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയും സ്വർണവും വിറ്റും പണം നിക്ഷേപിച്ചവരും നിരവധി.
ചുരുങ്ങിയത് 150 കോടിയുടെ നിക്ഷേപം എന്നാണ് പൊലീസിന്റെ കണക്ക്. പരാതികളുടെ അടിസ്ഥാനത്തിൽ നിലവിൽ നാല് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. 32 പേരാണ് ഇതുവരെ പരാതി നൽകിയത്.