
സിനിമ സമരം പ്രഖ്യാപിച്ച ജി സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെ മലയാള സിനിമയില്‍ ഭിന്നത രൂക്ഷമാകുന്നു; മോഹന്‍ലാലും സുരേഷ് കുമാറും രണ്ടു വഴിക്ക് പോകുന്നുവെന്ന് സൂചന; സാങ്കേതിക പ്രവര്‍ത്തകരുടെ തീരുമാനം നിർണായകം; ‘അമ്മ’ ഒറ്റക്കെട്ടായി ഈ വിഷയങ്ങളെ നേരിടും; ‘മോളിവുഡില്‍’ ഇനിയെന്തും സംഭവിക്കാമെന്ന അവസ്ഥ
കൊച്ചി: സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയത് മലയാള സിനിമയില്‍ ഭിന്നത രൂക്ഷമാക്കും. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തു വരും. സാങ്കേതിക പ്രവര്‍ത്തകരും കരുതലോടെ പ്രതികരിക്കും.
കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് നിര്‍മാതാവ് സുരേഷ്‌കുമാര്‍ രൂക്ഷമായി പ്രതികരിച്ചു. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്‌സ് പരിശോധിക്കാമെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തി.
മോഹന്‍ലാലും സുരേഷ് കുമാറും രണ്ടു വഴിക്ക് പോകുന്നുവെന്നതാണ് ഈ വിവാദത്തിന്റെ പ്രത്യേകത. കുട്ടിക്കാലം മുതല്‍ മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സുരേഷ് കുമാര്‍. ഒരുമിച്ച് പഠിച്ചവര്‍. ഈ മോഹന്‍ലാലിന്റെ സുഹൃത്തിനെയാണ് മോഹന്‍ലാലിന്റെ അതിവിശ്വസ്തനായ ആന്റണി പെരുമ്പാവൂര്‍ തള്ളി പറഞ്ഞത്. മലയാള സിനിമയില്‍ നടന്മാര്‍ ഒരു ഭാഗത്തും മറ്റുള്ളവര്‍ എതിര്‍ ചേരിയിലും എത്താന്‍ സാധ്യത കൂടുതലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ പ്രശ്‌ന പരിഹാരത്തിന് ചില മുതിര്‍ന്ന സംവിധായകര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ബാലകാല സുഹൃത്തുക്കളായ മോഹന്‍ലാലും സുരേഷ് കുമാറും തമ്മിലുള്ള വേര്‍പിരിയല്‍ സിനിമാ സംഘടനകളെ എല്ലാം ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന് എല്ലാ സംഘടനയിലും സ്വാധീനം ചെലുത്താന്‍ കഴിയും. സങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് ഇനി നിര്‍ണ്ണായകവുമായി മാറും.
ഇവര്‍ എവിടെ നില്‍ക്കുമെന്നതാണ് നിര്‍ണ്ണായകം. നിര്‍മാതാക്കളുടെ സംഘടനയില്‍ പിളര്‍പ്പിന് സാധ്യത ഏറെയാണ്. നടന്മാരായ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയ്ക്ക് സാധ്യത ഏറെയാണ്. താര സംഘടനയായ ‘അമ്മ’ ഒറ്റക്കെട്ടായി ഈ വിഷയങ്ങളെ നേരിടും. ഈ സാഹചര്യത്തില്‍ ‘മോളിവുഡില്‍’ ഇനി എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ.
മമ്മൂട്ടിയുടെ പിന്തുണയും മോഹന്‍ലാലിനുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏതു പക്ഷത്ത് നില്‍ക്കുമെന്നതും നിര്‍ണ്ണായകമാണ്. സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പറയുന്നു. രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരില്‍ കാണാനും നീക്കം നടക്കുന്നു എന്നാണ് വിവരം.
സാങ്കേതിക പ്രവര്‍ത്തകരും സമരത്തെ അനുകൂലിക്കുന്നുണ്ട്. നടന്മാരുടെ അമിത പ്രതിഫലനമാണ് സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന നിലപാടിലാണ് അവര്‍. അതേസമയം, ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ ബേസില്‍ ജോസഫും, നടി അപര്‍ണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്. സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തി.
ഫെയ്സ്ബുക്കില്‍ ആന്റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിന് പൃഥ്വി പിന്തുണ നല്‍കുന്നതിന് തെളിവാണ് ഇത്. മുമ്പ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷനെ താരങ്ങള്‍ പിളര്‍ത്തിയിരുന്നു.
ഇതിന് സമാന ഇടപെടല്‍ നിര്‍മ്മാതാക്കളുടെ സംഘടനയിലും ഉണ്ടാകും. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്റെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്റണി വിമര്‍ശിച്ചിരുന്നു.