
ഉപ്പിന്റെ ഉപയോഗം പ്രതിവർഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഉപ്പിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിക്കാം; രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉത്തമം
ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാൽ ഇത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകൾ കൂട്ടും. നമ്മൾ ഉപയോഗിക്കുന്ന ഉപ്പിൽ (സോഡിയം ക്ലോറൈഡ്) സോഡിയത്തിന്റെ അളവു കൂടുതലാണ്.
വർധിച്ചു വരുന്ന ഉപ്പിന്റെ ഉപഭോഗം പ്രതിവർഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനെടുക്കുന്നുവെന്നാണ് അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ ശുപാർശ പ്രകാരം പ്രതിദിനം 2,000 മില്ലിഗ്രാം വരെ മാത്രം ഉപ്പ് ഉപയോഗിക്കാമെന്നാണ്. എന്നാൽ, ഇതിന്റെ ഇരട്ടിയിലേറെ ഉപ്പ് കഴിക്കുന്നവരാണ് അധികവും.
ഉപ്പ് അധികമായി കഴിക്കുന്നതിലൂടെ സോഡിയം ഉള്ളിൽ ചെല്ലുകയും ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി കുറഞ്ഞ സോഡിയം ഉപ്പ് അഥവാ പൊട്ടാസ്യം ഉപ്പ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. ശരീരത്തിന് ദിവസേന 3.5 ഗ്രാം പൊട്ടാസ്യം കിട്ടുന്നത് രക്തസമ്മർദവും ഹൃദ്രോഗവും കുറയ്ക്കാൻ നല്ലതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

100 ശതമാനം സോഡിയം ക്ലോറൈഡ് ഉപ്പാണ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു നിർമിക്കുന്നതാണ് പൊട്ടാസ്യം ഉപ്പ് (പൊട്ടാസ്യം ക്ലോറൈഡ്). ഇത് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 2024-ൽ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി പുറത്തിറക്കിയ ഹൈപ്പർടെൻഷൻ മാർഗനിർദേശത്തിലും ഉയർന്ന രക്തസമ്മർദം, ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവ നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം സമ്പുഷ്ട ഉപ്പ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.
എന്നാൽ, വൃക്ക രോഗികളിൽ പൊട്ടാസ്യം ക്ലോറൈഡ് പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം വൃക്ക രോഗികൾ പൊട്ടാസ്യം ഉപ്പിലേക്ക് മാറാം.
എന്താണ് ഡാഷ് ഡയറ്റ് ?
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഈ ഡയറ്റ്. ഉയർന്ന രക്തസമ്മർദ്ദം ഉളളവർക്ക് ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സോഡിയം കുറവും മഗ്നീഷ്യം പൊട്ടാസ്യം എന്നിവ കൂടുതലുമുള്ള ഭക്ഷണരീതിയാണിത്.
ധാരാളം പഴങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ പാലാണ് ഈ ഡയറ്റിൽ ഉപയോഗിക്കുന്നത്. വെണ്ണ, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ അളവും കുറവായിരിക്കും.