
ഭൂനികുതി വർദ്ധനവ് ബഡ്‌ജറ്റ് നിർദ്ദേശം ആപത്‌കരം: കോടതി ഫീസ് വർദ്ധന പിൻവലിക്കണം: കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത
കോട്ടയം: സംസ്ഥാന സർക്കാരിന്റെ 2025 വർഷത്തെ ബഡ്ജറ്റിൽ ഭൂനികുതി വർദ്ധിപ്പിക്കാനുള്ള നിർദേശം ആപത്കരമാണന്ന് കത്തോലിക്കാ കോൺഗ്രസ്
ചങ്ങനാശ്ശേരി അതിരൂപത അഭിപ്രായപ്പെട്ടു.
കാർഷിക മേഖല മുൻപെങ്ങും ഇല്ലാത്ത വിധം പ്രതിസന്ധികളെ
നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കാലാവസ്ഥയുടെ വ്യതിയാനം, വിളകളുടെ വില തകർച്ച, മികച്ച വിത്തിനങ്ങളുടെ ലഭ്യതക്കുറവ്. വിളകൾക്ക് ബാധിക്കുന്ന വിവിധതരം രോഗങ്ങൾ എന്നിവ മൂലം കർഷകൻ പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ്. പലരും കാർഷിക മേഖലയോട് തന്നെ വിട പറഞ്ഞിരിക്കുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ പോലും പുതുതലമുറയെ കാർഷിക മേഖലയിൽ പിടിച്ചുനിർത്തുക ശ്രമകരമാണ്.
തന്നെയുമല്ല ഒരു ചെറുകിട കർഷകന് കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു കുടുംബത്തിന് ജീവിക്കുക പോലും ഇന്ന് സാധ്യമല്ല. അതിനിടയിൽ വെറും വരുമാനവർദ്ധനവ് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് 50 ശതമാനത്തിലധികം ഭൂനികുതി വർധിപ്പിക്കുവാനുള്ള സംസ്ഥാന ബഡ്‌ജറ്റിലെ നിർദ്ദേശം അത്യന്തം ആപത്‌കരമാണ്. ഏറ്റവും അടിയന്തരമായി ഈ നിർദ്ദേശം പിൻവലിക്കുക തന്നെ വേണം. നെല്ല്, റബ്ബർ കർഷകരുടെ പേരുപോലും ബഡ്ജറ്റിൽ പരാമർശിക്കാൻ സാധിക്കാതെ വന്ന നില കർഷകനോടുള്ള തികഞ്ഞ അവഗണനയുടെ ഭാഗമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേപോലെതന്നെ കോടതികളെ സമീപിക്കേണ്ട സമയം വരുമ്പോൾ ഉയർന്ന ഫീസ് ഈടാക്കാനുള്ള നിർദ്ദേശവും അത്യന്തം ഗൗരവം ഉള്ളതാണ്. ഒരു സാധാരണക്കാരന് നീതിപീഠങ്ങളെ സമീപിക്കുവാൻ വളരെയേറെ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാവും.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി മനുഷ്യ ജീവനുകൾ പൊലിയുമ്പോഴും ശാസ്ത്രീയമായും പുരോഗമനപരമായും ഈ വിഷയത്തെ സമീപിക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉണ്ടാവാത്തത് പൊതുസമൂഹത്തോടുള്ള സർക്കാരിന്റെ സമീപനമാണ് വിളിച്ചറിയിക്കുന്നത്.
ആയതിനാൽ ബഡ്‌ജറ്റിലെ ഇത്തരം നിർദ്ദേശങ്ങളും പരാമർശങ്ങളിലെ അപാകതകളും പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി ജനറൽ സെക്രട്ടറി ബിനു ഡൊമനിക് ആവശ്യപ്പെട്ടു.