
പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള കോട്ടയം സ്വദേശികളായ സംഘത്തിന് നേരെയുണ്ടായ പോലീസ് അതിക്രമം; മർദ്ദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരെ കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പൊലീസുകാർക്കെതിരെ കേസെടുത്തു.
മര്‍ദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നത്.
വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി.
ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിതാര പറഞ്ഞു.
സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി.
Third Eye News Live
0