സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും യോഗ്യത നേടിയവരിൽ മുൻനിരയിൽ ബി ടെക് ബിരുദധാരികൾ
സ്വന്തം ലേഖകൻ
കോട്ടയം : ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലം പുറത്തു വന്നപ്പോൾ കേരളത്തിൽ നിന്നും യോഗ്യത നേടിയവരിൽ മുൻനിരയിൽ എത്തിയവരിൽ ഭൂരിഭാഗവും ബി ടെക് ബിരുദധാരികൾ. മുപ്പതിൽപ്പരം മലയാളികൾ യോഗ്യത നേടിയതിൽ പകുതിയിലേറെയും കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും ബിരുദമെടുത്തവരാണെന്നുള്ളത് ഏറെ അഭിമാനകരമായ ഒന്നാണ്.
കേരളത്തിലെ രണ്ടാം സ്ഥാനക്കാരിയും 49 ആം റാങ്കുകാരിയുമായ കാസർകോട് ബദിയടുക്ക സ്വദേശി രഞ്ജിന മേരി വർഗീസ് കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. 66 ആം റാങ്ക് കരസ്ഥമാക്കിയ കണ്ണൂർ പയ്യന്നൂർ സ്വദേശി അർജുൻ മോഹനൻ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെയാണ് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായത്. കാസർഗോഡ് രാവണീശ്വരം സ്വദേശിയും 210 ആം റാങ്കുകാരനുമായ പി നിധിൻ രാജ് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുമാണ് ബി ടെക് ബിരുദമെടുത്തത്. കിടങ്ങൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി ടെക് ബിരുദം നേടിയ കൂരോപ്പട സ്വദേശി ആര്യ ആർ നായരാണ് 301 ആം റാങ്കുകാരി. 334 ആം റാങ്കുകാരി പയ്യന്നൂർ സ്വദേശി പി പി അർച്ചന കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ബി ടെക് ബിരുദധാരിയാണ്.
കേരളത്തിൽ നിന്നും യോഗ്യത നേടിയവരിൽ മുൻനിരയിൽ നിൽക്കുന്നതു ബി ടെക് ബിരുദധാരികളാണെന്നുള്ളത് കേരളത്തിലെ മുഴുവൻ എൻജിനീയറിങ് കോളേജുകൾക്കും അഭിമാനാർഹമാണ്. വരും വർഷങ്ങളിലും ഈ വിജയം ആവർത്തിക്കാൻ പോന്നതാണ് കേരളത്തിലെ ബി ടെക് വിദ്യാഭ്യാസം എന്നത് നിസംശയം പറയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group