
വാട്സ്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികോം അതോറിട്ടി
സ്വന്തംലേഖകൻ
കോട്ടയം : വാട്‍സ്ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അജ്ഞാതര്‍ അയക്കുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ക്ക് മറുപടി നല്‍കരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഉപയോക്താക്കളുടെ ആവശ്യപ്രകാരം ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ക്ക് മാത്രമേ മറുപടി നല്‍കാവൂ. അല്ലാതെ ലഭിക്കുന്ന കോഡുകള്‍ അവഗണിക്കണം. ഇത്തരം കോഡുകള്‍ മറ്റൊരാള്‍ക്കും കൈമാറരുത്. കോഡുകള്‍ കൈമാറുന്നത് വഴി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ ഫോട്ടോകളും വീഡിയോകളും അടക്കമുള്ള വിവരങ്ങളും ചോരാന്‍ സാധ്യതയുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പലര്‍ക്കും എസ്എംഎസ് സന്ദേശം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ വാട്‍സ്ആപ് വഴി ലഭിക്കുന്ന ലിങ്കുകളും അറ്റാച്ച്മെന്റുകളും വഴിയും തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ട്. ഇവയും നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനും അക്കൗണ്ട് ഹാക്ക് ചെയ്യാനും ഉദ്ദേശിച്ചുള്ളവയാവാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.