
താലൂക്ക് ഓഫീസിൽ വ്യാപകമായി കൈക്കൂലി വാങ്ങി ക്രമക്കേട്; അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി; ഡെപ്യൂട്ടി തഹസിൽദാർമാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; പൊതുജനസമ്പർക്കം കുറഞ്ഞ ഓഫീസുകളിലോ സെക്ഷനുകളിലോ മാത്രമേ നിയമിക്കാവൂ എന്ന് നിർദേശം
കൊട്ടാരക്കര: താലൂക്ക് ഓഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെയും നടപടികളുടെയും തുടർച്ചയായി ഒരാളൊഴികെ എല്ലാ ഡെപ്യൂട്ടി തഹസിൽദാർമാരെയും സ്ഥലം മാറ്റി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ അനുസരിച്ച് ഡെപ്യൂട്ടി തഹസിൽദാർമാരായ ജി.അജേഷ്, റെജി കെ.ജോർജ്, ആർ.ഷിജു, സരിത ചന്ദ്രൻ എന്നിവരെ പത്തനാപുരം താലൂക്കിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ലാൻഡ് റവന്യു കമ്മിഷണർ ഉത്തരവിറക്കി.
ഇവരെ പൊതുജനസമ്പർക്കം കുറഞ്ഞ ഓഫീസുകളിലോ സെക്ഷനുകളിലോ മാത്രമേ നിയമിക്കാവൂ എന്ന പരാമർശത്തോടെയാണ് ഉത്തരവ്. ഭിന്നശേഷിക്കാരനായതിനാൽ ഡെപ്യൂട്ടി തഹസിൽദാർ അജിമോനെ സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കി. കൈക്കൂലി ആരോപണത്തിൽ കുടുങ്ങിയ തഹസിൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ വി.അനിൽകുമാർ, ഡ്രൈവർ ടി.മനോജ് എന്നിവരെ മുമ്പുതന്നെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും താത്കാലിക ഡ്രൈവർ ആർ.മനോജ്കുമാറിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
വ്യാപക കൈക്കൂലി എന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മേയ് 30നാണ് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി കൊട്ടാരക്കര താലൂക്ക് ഓഫീസിൽ രഹസ്യപരിശോധന നടത്തിയത്. പാറ ക്വാറിക്ക് അനുമതി തേടാനെന്ന വ്യാജേന എത്തിയ മേലധികാരിയെ തിരിച്ചറിയാതെ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ കുടുങ്ങുകയായിരുന്നു. തുടർന്ന് റവന്യു വിജിലൻസ് നടത്തിയ അന്വേഷണത്തിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ ബിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലായിൽ വിശദമായ പരിശോധനയും മൊഴിയെടുപ്പും നടത്തുകയും കുറ്റാരോപിതരായി കണ്ടെത്തിയവർക്കെതിരേ നടപടി ശുപാർശ റിപ്പോർട്ട് നൽകുകയുമായിരുന്നു. എന്നാൽ, കുറ്റാരോപിതരിൽനിന്ന് വിശദീകരണം തേടാതെയും കൃത്യമായ തെളിവുകളില്ലാതെയും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും മാത്രമുള്ളതാണ് നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്.