സ്വന്തം ലേഖകൻ
അങ്കമാലി: അങ്കമാലിയില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തിയ പോലീസ് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മയക്കു മരുന്ന്. സംഭവത്തില്‍ യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയില്‍. വിനു (38), സുധീഷ് (23) ശ്രീക്കുട്ടി (22) എന്നിവരാണ് പിടിയിലായത്. പരിശോധനയില്‍ 200 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം എക്സ്റ്റെസിയുമാണ് റൂറല്‍ ജില്ല ഡാൻസാഫ് ടീമിന്റെയും അങ്കമാലി പോലീസിന്റെയും പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ടി.ബി ജങ്ഷനില്‍ പരിശോധനക്കായി സംഘം കാത്ത് നില്‍ക്കുകയായിരുന്നു. സ്ഥലത്തേക്ക് പാഞ്ഞെത്തിയ ബൊലോറെ വാഹനം പോലീസ് സാഹസികമായി തടഞ്ഞ് നിർത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പ്രതികളെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലവരുന്ന രാസ ലഹരി പിടിച്ചെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ സീറ്റിന് പിറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബംഗളൂരുവില്‍ നിന്നാണ് ലഹരി പദാർഥങ്ങള്‍ കൊണ്ടുവന്നതെന്നും, എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സെറ്റസിയെന്നും പോലീസ് പറഞ്ഞു.
ഡാൻസാഫ് സംഘവും ഡി.വൈ.എസ്.പിമാരായ പി.പി ഷംസ്, ടി. ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുണ്‍ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്‌നേഷ്യസ് ജോസഫ്, പി.വി.ജയശ്രീ, സീനിയർ സി.പി. ഒ മാരായ ടി.ആർ രാജീവ്, അജിത തിലകൻ, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.