
മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം: മരണ വിവരം പുറത്തറിഞ്ഞത് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ; സംഭവം ഏറ്റുമാനൂർ നരിക്കുഴി കോളനിയിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: വാക്കു തർക്കത്തിനിടെ മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം. ഏറ്റുമാനൂർ ശങ്കരമല നരിക്കുഴി വീട്ടിൽ മണി (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മണിയുടെ മകൻ മനുവിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. മണി വീട്ടിൽ മരിച്ചു കിടക്കുന്നതായി രാവിലെ നാട്ടുകാരാണ് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിച്ചത്. സ്വാഭാവിക മരണം എന്ന രീതിയിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്ത്. സംഭവ സ്ഥലത്തും, മരണം നടന്ന വീട്ടിലും, ബന്ധുക്കളുടെ മൊഴിയിലും അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മണിയുടെ വാരിയെല്ലുകൾ തകർന്നത് കണ്ടെത്തിയത്. വാരിയെല്ലുകൾ ഒടിഞ്ഞ്, ആന്തരിക അവയവങ്ങളിൽ തറഞ്ഞ നിലയിലായിരുന്നു. ഇതേ തുടർന്നാണ് മരണത്തിൽ പൊലീസിനും സംശയം തോന്നിയത്. തുടർന്ന് അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ മൊഴിയിൽ അസ്വാഭാവികമായി ചില ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് മനുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനുവും അച്ഛൻ മണിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച മദ്യപിച്ചെത്തി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഉന്തിലും തള്ളിലും പെട്ട് വീണ മണിയെ മനു ചവിട്ടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ചൊവ്വാഴ്ച മനുവിന്റെ അറസ്റ്റ് ഉണ്ടായേക്കും.