
ഓൺലൈൻ ട്രെയ്ഡിങ്ങിലൂടെ പണം കണ്ടെത്താമെന്ന് വാഗ്ദാനം, ലാഭ വിഹിതം നൽകി ആളുകളെ വിശ്വസിപ്പിക്കും, ഒളിഞ്ഞിരിക്കുന്നത് വലിയ കെണി: ഓൺലൈനിലൂടെ തൊടുപുഴ സ്വദേശിക്ക് ഒന്നേകാൽ കോടി രൂപ നഷ്ടപ്പെട്ടു
ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിക്ക് ഒന്നേകാൽ കോടി രൂപ നഷ്ടപ്പെട്ടു. തൊടുപുഴ സ്വദേശിയെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് മുഖേനെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുകയും ഓഹരി ബിസിനസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നടന്ന ഇടപാടുകളിൽ ചെറിയ ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിക്കുന്നതിന് പ്രതികൾ പ്രേരിപ്പിച്ചു. തുടർന്നാണ് 1.23 കോടി രൂപ തൊടുപുഴ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത്.
സെബിയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പേരിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നതെന്നും ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. ഓൺലൈനായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന അവസരത്തിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. കൺസൾട്ടൻസികളെ കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇതിനെതിരെ പൊതുജനം ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക. എത്രയും വേഗം റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്ത് 14 വരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പ്രകാരം 7.50 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് ഈ വർഷം ഇടുക്കി ജില്ലയിൽ നടന്നിട്ടുള്ളത്. 63 ഓൺലൈൻ തട്ടിപ്പുകളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ വർഷം ആകെ 52 കേസുകളായിരുന്നു.